പെര്‍ത്ത്: ഇന്ത്യന്‍ വംശജരായ ഡോ. ഹസീബ് റിയാസും ഗാരത് ശാന്തികുമാറും വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ യംഗ് ഓസ്ട്രേലിയന്‍സ് ഓഫി ദി ഈയര്‍ 2026 ആയി തിരഞ്ഞെടുക്കപ്പെട്ടു. ആണ്‍കുട്ടികളുടെ മാനസികാരോഗ്യവും ആണത്തത്തോടുള്ള അവരുടെ സമീപനവും സമൂഹത്തിനു ഗുണകരമാകുന്ന രീതികളില്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട അടിസ്ഥാനതല പ്രവര്‍ത്തനങ്ങളുടെ പേരിലാണ് പുരസ്കാരത്തിന് ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഈ ലക്ഷ്യത്തോടെ ഇവര്‍ സംയുക്തമായി ആരംഭിച്ച മാന്‍ അപ് എന്ന പ്രസ്ഥാനം വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ വളരെ വ്യാപകമായ പ്രവര്‍ത്തനങ്ങളാണ് നടത്തിപ്പോരുന്നത്. ഇവര്‍ക്ക് പുരസ്കാര സമര്‍പ്പണവുമായി ബന്ധപ്പെട്ട് പെര്‍ത്തിലെ ഗവണ്മെന്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ഗവര്‍ണര്‍ ക്രിസ് ഡോസന് അധ്യക്ഷത വഹിച്ചു.
ഇരുപത്തഞ്ചുകാരനായ ഡോ. റിയാസ് പെര്‍ത്തിലെ റോയല്‍ ഹോസ്പിറ്റലില്‍ ജൂണിയര്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണ്. വെസ്റ്റേണ്‍ ഓസ്ട്രേലിയ മെഡിക്കല്‍ സ്റ്റുഡന്റ് കൗണ്‍സില്‍ ചെയര്മാന്, ഓസ്ട്രേലിയ മെഡിക്കല്‍ സ്റ്റുഡന്റ് അസോസിയേഷന് ബോര്‍ഡ് ഡിറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇരുപത്തേഴുകാരനായ ശാന്തികുമാര്‍ ഒരു വെല്‍നസ് മെന്ററും പേഴ്സണല്‍ ട്രെയിനറുമാണ്. ഇവര്‍ ഇരുവരും തങ്ങളുടെ ഹൈസ്കൂള്‍ ക്ലാസുകള്‍ക്കു ശേഷം പുരുഷന്മാര് എന്ന നിലയിലേക്കു കടന്നു വരുന്ന ഘട്ടത്തില്‍ അനുഭവിക്കേണ്ടി വന്ന മാനസിക പിരിമുറുക്കങ്ങളുടെ ഇരകളാണ്. അതിന്റെ വെളിച്ചത്തിലാണ് പുതുതലമുറയെ ആരോഗ്യകരമായ ബന്ധങ്ങള്‍ വളര്‍ത്തിയും വികാരങ്ങളെ വേണ്ട രീതിയില്‍ വഴിതിരിച്ചുവിട്ടും വളര്‍ച്ചയെ സാര്‍ഥകമാക്കുന്നതിനുള്ള പഠന പദ്ധതി രൂപീകരിക്കുന്നത്. വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ തങ്ങളുടെ സന്ദേശവുമായി ഇവര്‍ ആണ്‍കുട്ടികളുടെ വിവിധ ഗ്രൂപ്പുകളെ പരിശീലിപ്പിക്കുകയും വഴി കാട്ടുകയും ചെയ്യുന്നു.

