ന്യൂഡല്‍ഹി: ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാന്‍ യുവതലമുറ ആഴ്ചയില്‍ 82 മണിക്കൂര്‍ ജോലി ചെയ്യണമെന്ന തന്റെ പഴയ വാദം വീണ്ടും ശക്തമായി ഉന്നയിച്ച് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര് നാരായണമൂര്‍ത്തി. ഇതിനായി അദ്ദേഹം മുന്നോട്ടു വച്ച 9-9-6 ഫോര്‍മുലയാണ് വീണ്ടും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. റിപ്പബ്ലിക് ടിവിക്ക് കഴിഞ്ഞ ദിവസം അനുവദിച്ച അഭിമുഖത്തിലാണ് തന്റെ പഴയ വാദം വീണ്ടും ശക്തമായി മൂര്‍ത്തി ഉന്നയിക്കുന്നത്.
രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതു വരെ ആഴ്ചയില്‍ ആറു ദിവസവും ജോലി ചെയ്യുന്നതാണ് 9-9-6 ഫോര്‍മുലയുടെ അടിസ്ഥാനം. ഇതിലൂടെ ആഴ്ചയില്‍ 72 മണിക്കൂര്‍ ജോലി എന്ന ലക്ഷ്യം കൈവരിക്കാമെന്നാണ് നാരായണ മൂര്‍ത്തി പറയുന്നത്. ഒരു വ്യക്തിയും ഒരു രാജ്യവും കഠിനാധ്വാനത്തിലൂടെയല്ലാതെ ഉയര്‍ന്നു വന്നിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴ്ചയില്‍ നൂറു മണിക്കൂര്‍ ജോലി ചെയ്യുന്നയാളാണ്. നാരായണ മൂര്‍ത്തി പറയുന്നു.
നാരായണ മൂര്‍ത്തിക്കു മുമ്പ് ചൈനീസ് ശതകോടീശ്വരനും ആലിബാബ സ്ഥാപകനുമായി ജാക് മായും 9-9-6 മണിക്കൂര്‍ ജോലിയെ പ്രോത്സാഹിപ്പിച്ച് രംഗത്തു വന്നിരുന്നതാണ്. നിലവില്‍ ചൈനയിലെ ജോലി സമയം ആഴ്ചയില്‍ 44 മണിക്കൂറാണ്. ഇന്ത്യയില്‍ നിയമപ്രകാരം അനുവദനീയമായ ജോലി സമയം 46.7 മണിക്കൂറും.

