ഇസ്ലാമാബാദ്: പാകിസ്താൻ അധീന കശ്മീരിലെ (PoK) സർക്കാർ നടപടികളെയും പ്രതിഷേധങ്ങളെയും കുറിച്ചുള്ള റിപ്പോർട്ടുകൾ സംപ്രേഷണം ചെയ്തതിന് പിന്നാലെ ഖത്തർ ആസ്ഥാനമായുള്ള വാർത്താ ചാനലായ അൽ ജസീറയുടെ സേവനങ്ങൾക്ക് പാകിസ്താനിൽ നിയന്ത്രണം ഏർപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. അൽ ജസീറയുടെ ഇംഗ്ലീഷ് വെബ്സൈറ്റ് പാകിസ്താനിൽ നിന്ന് ലഭ്യമല്ലെന്ന് നിരവധി ഉപയോക്താക്കൾ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചതോടെയാണ് സംഭവം ശ്രദ്ധ നേടിയത്.
അൽ ജസീറയുടെ റിപ്പോർട്ടുകൾ പിഒകെയിലെ പ്രതിഷേധങ്ങളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷങ്ങളും സർക്കാർ നടത്തിയ നടപടികളും ഉൾക്കൊള്ളുന്നതായിരുന്നു. ചാനൽ “തിരഞ്ഞെടുത്ത വിവരങ്ങൾ മാത്രം റിപ്പോർട്ട് ചെയ്യുന്നു”, “യെല്ലോ ജേർണലിസം” നടത്തുന്നു എന്നാരോപിച്ച് പാകിസ്താന്റെ വിവര-പ്രക്ഷേപണ മന്ത്രാലയം വിമർശനം ഉന്നയിച്ചു. എന്നാൽ, അൽ ജസീറയെ ഔദ്യോഗികമായി നിരോധിച്ചതായി പാകിസ്താൻ സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.
സംഭവത്തെ തുടർന്ന് മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയർന്നിട്ടുണ്ട്. പാകിസ്താനിലെ ഇന്റർനെറ്റ് നിയന്ത്രണങ്ങളെയും മാധ്യമങ്ങൾക്ക് നേരെയുള്ള നിയന്ത്രണങ്ങളെയും കുറിച്ച് വിവിധ മനുഷ്യാവകാശ-മാധ്യമ സംഘടനകളും ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.

