പ്രധാനമന്ത്രിക്കെതിരായ പരാമർശം; ഭീഷണിയെ തുടർന്ന് 15-കാരിയും അമ്മയും മൂന്ന് തവണ താമസം മാറിയതായി അഭിഭാഷകൻ

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധത്തിനിടെ നടത്തിയ പരാമർശത്തെ തുടർന്ന് വിവാദത്തിലായ 15 വയസ്സുകാരിയും അമ്മയും തുടർച്ചയായ ഭീഷണികളെ തുടർന്ന് മൂന്ന് തവണ താമസം മാറേണ്ടിവന്നതായി പെൺകുട്ടിയുടെ അഭിഭാഷകൻ അറിയിച്ചു. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാഭ്യാസ പരിഷ്കാര-ചോദ്യപേപ്പർ ചോർച്ച വിരുദ്ധ പ്രതിഷേധത്തിനിടെയുണ്ടായ പരാമർശവുമായി ബന്ധപ്പെട്ടാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് നോയിഡ പൊലീസ് ജൂലൈ 29-ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടി പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ, മാപ്പ് പറഞ്ഞ ശേഷവും ഭീഷണികൾ തുടരുകയാണെന്നാണ് കുടുംബത്തിന്റെ അഭിഭാഷകന്റെ ആരോപണം.

അതേസമയം, കുടുംബം പൊലീസ് പീഡനം സംബന്ധിച്ച് ഔദ്യോഗിക പരാതി നൽകിയിട്ടില്ലെന്നും ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *