ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിന് അടുത്ത ആഴ്ചയെത്തും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് പുടിന്‍ ഇന്ത്യയിലെത്തുന്നത്. ഡിസംബര്‍ നാല്, അഞ്ച് തീയതികളിലായിരിക്കും റഷ്യന്‍ പ്രസിഡന്റ് ഇന്ത്യയിലുണ്ടായിരിക്കുക. ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചകള്‍ പുടിന്റെ സന്ദര്‍ശനത്തിലെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ്. ഇതിലൂടെ ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ സാധിക്കുമെന്നു കരുതുന്നു.
ഇരു രാജ്യങ്ങള്‍ക്കും പ്രത്യേക താല്‍പര്യമുള്ള പ്രാദേശികവും രാജ്യാന്തരവുമായ പ്രശ്‌നങ്ങള്‍ സന്ദര്‍ശന മധ്യേ ചര്‍ച്ചയാകും. ഇരുപത്തിമൂന്നാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയുടെ ഭാഗമായാണ് സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി സമീപകാലത്തെ ഏറ്റവും താഴ്ന്ന തോതിലാണ് ഈ മാസം നടന്നത്. ഡിസംബറില്‍ ഇതിലും താഴേക്കു പോകുമെന്നാണ് കരുതപ്പെടുന്നത്. അതിനാല്‍ എണ്ണ ഇറക്കുമതി ഒരു പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയമാകാനിടയുണ്ട്. ആയുധ ഇടപാടുകളും ഇത്ര തന്നെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടുമെന്നു പ്രതീക്ഷിക്കുന്നവരേറെ.
പുടിന്‍ അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത് 2021ലായിരുന്നു. അതേസമയം മോദി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വാര്‍ഷിക ഉച്ചകോടിക്കായി റഷ്യയിലെത്തിയിരുന്നു.

