ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരേ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തി ഡല്‍ഹി പോലീസ്. ഡല്‍ഹി പോലീസ് വകുപ്പിലെ ഇക്കണോമിക് ഒഫന്‍സസ് വിംഗ് ആറു പേര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പുതിയ എഫ്ഐആറിലാണ് ഈ വകുപ്പുമാറ്റം. പുതിയ എഫ്ഐആര്‍ അനുസരിച്ച് ഗൂഢാലോചന കേസില്‍ സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമാണ്.
ഇവര്‍ ഇരുവരെയും കൂടാതെ സാം പിട്രോഡയും മൂന്നു കമ്പനികളുമാണ് പ്രതിപ്പട്ടികയിലുള്ളത്. അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ്, യംഗ് ഇന്ത്യ, ഡോട്ടെക്സ് മര്‍ച്ചന്റൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് പ്രതിപ്പട്ടികയിലുള്ള കമ്പനികള്‍. ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേര്‍ണല്‍സിന്റെ കോടികള്‍ വിലവരുന്ന ആസ്തികള്‍ സോണിയയും രാഹുലും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യ എന്ന കമ്പനി തട്ടിയെടുത്തെന്ന ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമിയുടെ പരാതിയില്‍ ഇഡി നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ നടത്തിപ്പ് കമ്പനിയായിരുന്ന അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് 90 കോടി രൂപ പലിശയില്ലാ വായ്പയായി സ്വീകരിച്ചിരുന്നു. ഈ തുക തിരിച്ചടയ്ക്കാതെ വന്നപ്പോള്‍ 2010ല്‍ അഞ്ചു ലക്ഷം രൂപ മൂലധനമായി രൂപീകരിച്ച യംഗ് ഇന്ത്യന്‍ എന്ന കമ്പനി അയ്യായിരം കോടി രൂപ വിലമതിക്കുന്ന സ്വത്തുകള്‍ അസോസിയേറ്റഡ് ജേര്ണല്സില് നിന്നു കൈവശപ്പെടുത്തി എന്നതാണ് കേസ്.

