ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ പന്ത്രണ്ടു സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ പുരോഗമിക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) സമയ പരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറത്തിറക്കി. ഇതനുസരിച്ച് പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ പതിനൊന്നു വരെ സമയം അനുവദിച്ചിട്ടുണ്ട്. നിലവില്‍ പൂരിപ്പിച്ച ഫോമുകള്‍ തിരികെ നല്‍കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ നാല് ആയിരുന്നു. ഇവ കൈപ്പറ്റി അപ്ലോഡ് ചെയ്തതിനു ശേഷം ഡിസംബര്‍ പതിനാറിന് കരടു പട്ടിക പ്രസിദ്ധീകരിക്കും.
രാജ്യ വ്യാപകമായി നടത്താന്‍ നിശ്ചയിച്ച എസ്‌ഐആറിന്റെ രണ്ടാം ഘട്ടത്തിലാണ് കേരളം ഉള്‍പ്പെടെ പന്ത്രണ്ടു സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടിരുന്നത്. ഒന്നാം ഘട്ടത്തില്‍ ബീഹാര്‍ മാത്രമായിരുന്നു ഉള്‍പ്പെട്ടിരുന്നത്. പുതുക്കിയ പട്ടിക പ്രകാരമായിരുന്നു ബീഹാറില്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടത്തിയത്. അടുത്ത മെയ് മാസത്തിനു മുമ്പ് തിരഞ്ഞെടുപ്പ് നടക്കേണ്ട തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളും കേരളത്തിനൊപ്പം രണ്ടാം ഘട്ടത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ലക്ഷദ്വീപ്, ആന്തമാന്‍ എന്നിവയാണ് രണ്ടാം ഘട്ടത്തില്‍ വരുന്ന മറ്റു സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും.
1951 മുതല്‍ 2004 വരെ എട്ടു തവണയാണ് ഇതിനു മുമ്പ് രാജ്യത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടന്നിട്ടുള്ളത്. അവസാനമായി നടന്നത് 2002-2004 കാലയളവിലായിരുന്നു. അതിനാല്‍ അന്നത്തെ വോട്ടര്‍ പട്ടിക അടിസ്ഥാന രേഖയായി സ്വീകരിച്ചാണ് ഇപ്പോഴത്തെ പരിഷ്‌കരണം.

