നവംബര്‍ മാസത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 1,232 വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും സമയബന്ധിതമായി പറന്നുയരുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്തതിനെ തുടര്‍ന്ന് വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) എയര്‍ലൈന്‍സിന്റെ പ്രകടനത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.
‘യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യങ്ങള്‍ കുറയ്ക്കുന്നതിനായി വിമാനങ്ങള്‍ റദ്ദാക്കുന്നതും വൈകുന്നതും കുറയ്ക്കുന്നതിനുള്ള നടപടികള്‍ എയര്‍ലൈനുമായി ചേര്‍ന്ന് ഡി.ജി.സി.എ. നിലവില്‍ അന്വേഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്,’ ഡി.ജി.സി.എ. പ്രസ്താവനയില്‍ അറിയിച്ചു.
ക്രൂ ക്ഷാമം, സാങ്കേതിക പ്രശ്നങ്ങള്‍, വിമാനത്താവളങ്ങളിലെ തിരക്ക് തുടങ്ങിയ നിരവധി കാരണങ്ങളാല്‍ മൂന്ന് വിമാനത്താവളങ്ങളിലായി 85 വിമാനങ്ങള്‍ റദ്ദാക്കിയ അതേ ദിവസമാണ് ഡി.ജി.സി.എ.യുടെ ഈ തീരുമാനം വന്നത്. റദ്ദാക്കിയ വിമാനങ്ങളില്‍ 38 എണ്ണം ഡല്‍ഹി വിമാനത്താവളത്തിലും 33 എണ്ണം മുംബൈ വിമാനത്താവളത്തിലും 14 എണ്ണം അഹമ്മദാബാദ് വിമാനത്താവളത്തിലുമായിരുന്നു.
ഈ സംഭവങ്ങളെത്തുടര്‍ന്ന് യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. നിരവധി പേര്‍ എക്‌സ് പോലുള്ള പ്ലാറ്റ്ഫോമുകളില്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ പങ്കുവെച്ചു.
തുടര്‍ച്ചയായ വിമാനങ്ങള്‍ റദ്ദാക്കിയത് രാജ്യവ്യാപകമായി അതൃപ്തിക്ക് ഇടയാക്കിയതോടെ, യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിച്ചുകൊണ്ട് ഇന്‍ഡിഗോ ഒരു പ്രസ്താവന പുറത്തിറക്കി.
‘കഴിഞ്ഞ രണ്ട് ദിവസമായി നെറ്റ്വര്‍ക്കിലുടനീളം ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ തടസ്സമുണ്ടായതായി ഞങ്ങള്‍ സമ്മതിക്കുന്നു, ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു.’
യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാന്‍ കാരണമായ നിരവധി കാരണങ്ങളും എയര്‍ലൈന്‍ ചൂണ്ടിക്കാട്ടി.
‘ചെറിയ സാങ്കേതിക തകരാറുകള്‍, ശൈത്യകാലവുമായി ബന്ധപ്പെട്ട ഷെഡ്യൂള്‍ മാറ്റങ്ങള്‍, പ്രതികൂല കാലാവസ്ഥ, വ്യോമയാന സംവിധാനത്തിലെ തിരക്ക് വര്‍ദ്ധിച്ചത്, അപ്ഡേറ്റ് ചെയ്ത ക്രൂ റോസ്റ്ററിംഗ് നിയമങ്ങള്‍ (ഫ്‌ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷനുകള്‍) നടപ്പിലാക്കിയത് എന്നിവ ഉള്‍പ്പെടെയുള്ള അപ്രതീക്ഷിത ഓപ്പറേഷണല്‍ വെല്ലുവിളികളുടെ ഒരു കൂട്ടം പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു, ഇത് മുന്‍കൂട്ടി കാണാന്‍ കഴിയുന്നതായിരുന്നില്ല,’ പ്രസ്താവനയില്‍ പറയുന്നു.
ക്രൂ ക്ഷാമം കാരണം 755 വിമാനങ്ങളും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) പരാജയം കാരണം 92 വിമാനങ്ങളും വിമാനത്താവള നിയന്ത്രണങ്ങള്‍ കാരണം 258 വിമാനങ്ങളും മറ്റ് കാരണങ്ങളാല്‍ 127 വിമാനങ്ങളും റദ്ദാക്കിയെന്ന് എയര്‍ലൈന്‍സ് അറിയിച്ചു.
എല്ലാം പരിഹരിക്കാനും പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കാനും എയര്‍ലൈന്‍ രണ്ട് ദിവസത്തെ സമയം തേടി. ഇതിനായി കാലിബ്രേറ്റ് ചെയ്ത നടപടികള്‍ ആരംഭിച്ചതായും അവര്‍ പറഞ്ഞു.

