കോലി-ഋതുരാജ് സെഞ്ചുറി വിഫലം; ദക്ഷിണാഫ്രിക്കയ്ക്ക് 4 വിക്കറ്റ് ജയം

റായ്പുർ: ഏകദിന കരിയറിലെ 53–ാം സെഞ്ചുറി നേടിയ വിരാട് കോലിയുടെയും (102) കന്നി സെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്‌വാദിന്റെയും (105) തകർപ്പൻ പ്രകടനം ഇന്ത്യയ്ക്ക് വിജയം നൽകിയില്ല. ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിന്റെ (110) സെഞ്ചുറി മികവിൽ ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തിൽ 4 വിക്കറ്റിന്റെ ആവേശ വിജയം സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരുടീമുകളും 1-1ന് ഒപ്പമെത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, കോലി-ഋതുരാജ് സഖ്യത്തിന്റെ 195 റൺസ് റെക്കോർഡ് കൂട്ടുകെട്ടിന്റെ കരുത്തിൽ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 358 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ക്യാപ്റ്റൻ കെ.എൽ. രാഹുൽ (66 നോട്ടൗട്ട്) ഫിനിഷിങ് മികച്ചതാക്കി.

എന്നാൽ, 359 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 49.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 362 റൺസെടുത്ത് വിജയം കണ്ടു. മാർക്രത്തിന് പുറമെ മാത്യു ബ്രിറ്റ്സ്കി (68), ഡിയേവാൾഡ് ബ്രെവിസ് (54) എന്നിവരും സന്ദർശകർക്കായി തിളങ്ങി. ഇന്ത്യൻ ബോളർമാർക്ക് കൂറ്റൻ സ്കോർ പ്രതിരോധിക്കാൻ സാധിച്ചില്ല. എയ്ഡൻ മാർക്രമാണ് പ്ലെയർ ഓഫ് ദ മാച്ച്.

പരമ്പരയിലെ അവസാന മത്സരം ഡിസംബർ 6ന് വിശാഖപട്ടണത്ത് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *