ട്രക്ക് നിരോധന പിഴത്തുക ഉപയോഗിച്ച് 10 ലക്ഷം ഡോളറിന്റെ കമ്മ്യൂണിറ്റി ഫണ്ട്; വിക്ടോറിയൻ സർക്കാർ സർവേ ആരംഭിച്ചു

മെൽബൺ: മെൽബണിന്റെ ഇന്നർ വെസ്റ്റ് മേഖലയിലെ പരിസ്ഥിതിയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനായി ട്രക്ക് നിരോധന നിയമലംഘനങ്ങളിൽ നിന്ന് ഈടാക്കിയ പിഴത്തുക വിനിയോഗിച്ച് വിക്ടോറിയൻ സർക്കാർ 10 ലക്ഷം ഡോളറിന്റെ (1 മില്യൺ ഡോളർ) കമ്മ്യൂണിറ്റി ഗ്രാന്റ് പദ്ധതി നടപ്പാക്കുന്നു. ഭാരമേറിയ ചരക്കുവാഹനങ്ങളുടെ ഗതാഗതം ബാധിക്കുന്ന പ്രദേശങ്ങളിലെ ചെറുതും ഇടത്തരവുമായ കമ്മ്യൂണിറ്റി പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി രൂപീകരിച്ച ‘ബെറ്റർ ഫ്രൈറ്റ് ഔട്ട്കംസ് ഫണ്ട്’ (Better Freight Outcomes Fund) 2027-ൽ പ്രാബല്യത്തിൽ വരുമെന്ന് തുറമുഖ, ചരക്കുഗതാഗത മന്ത്രി മെലിസ ഹോൺ പ്രഖ്യാപിച്ചു.

വെസ്റ്റ് ഗേറ്റ് ടണലിന്റെ ട്രക്ക് നിരോധന ചട്ടക്കൂടിനൊപ്പം 2019-ൽ പാസാക്കിയ നിയമനിർമ്മാണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഫണ്ട് രൂപീകരിച്ചത്. നോ-ട്രക്ക് സോണുകൾ ലംഘിക്കുന്ന ഹെവി വെഹിക്കിൾ ഓപ്പറേറ്റർമാരിൽ നിന്ന് ഈടാക്കുന്ന പിഴത്തുകയാണ് തദ്ദേശീയ വികസന പ്രവർത്തനങ്ങൾക്കായി ഈ ഫണ്ടിലേക്ക് മാറ്റുന്നത്. അടുത്ത വർഷം ഗ്രാന്റ് പദ്ധതി ആരംഭിക്കുമ്പോൾ ഏകദേശം 10 ലക്ഷം ഡോളർ ലഭ്യമാകുമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ട് ആൻഡ് പ്ലാനിംഗ് അറിയിച്ചു. ഈ തുക എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കാൻ പ്രദേശവാസികൾക്കായി പൊതുസർവേ ആരംഭിച്ചിട്ടുണ്ട്. 2026 നവംബർ 1 ഞായറാഴ്ച രാത്രി 11.59 വരെ സർവേയിൽ പങ്കെടുക്കാം.

മെൽബൺ തുറമുഖം, വ്യവസായ മേഖലകൾ, പ്രധാന ലോജിസ്റ്റിക്സ് പാതകൾ എന്നിവയുടെ സാമീപ്യം കാരണം ഇന്നർ വെസ്റ്റ് പ്രദേശം ദീർഘകാലമായി കനത്ത ചരക്കുനീക്കത്തിന്റെ ദുരിതം അനുഭവിക്കുന്ന മേഖലയാണ്. 2025 ഡിസംബറിൽ വെസ്റ്റ് ഗേറ്റ് ടണൽ തുറന്നതോടെ യാരവില്ലിലെ ഫ്രാൻസിസ് സ്ട്രീറ്റ്, സോമർവില്ലെ റോഡ്, ഫുട്‌സ്‌ക്രേയിലെ ബക്ലി സ്ട്രീറ്റ്, മൂർ സ്ട്രീറ്റ്, ആൾട്ടോണ നോർത്തിലെ ബ്ലാക്ക്‌ഷോസ് റോഡ്, സ്‌പോട്‌സ്‌വുഡിലെ ഹഡ്‌സൺസ് റോഡ് എന്നീ ആറ് റെസിഡൻഷ്യൽ റോഡുകളിൽ സ്ഥിരമായി ട്രക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. വില്യംസ്‌ടൗൺ റോഡിൽ രാത്രികാലങ്ങളിലും വാരാന്ത്യങ്ങളിലും നിയന്ത്രണമുണ്ട്. ടണൽ തുറന്നതോടെ പ്രതിദിനം ഏകദേശം 9,000 ട്രക്കുകൾ പ്രാദേശിക റോഡുകളിൽ നിന്ന് ഒഴിവാക്കാനായെന്നാണ് ട്രാൻസ്‌പോർട്ട് വിക്ടോറിയയുടെ കണക്ക്. ക്യാമറകൾ ഉപയോഗിച്ച് 24 മണിക്കൂറും ഈ ഭാഗങ്ങളിൽ നിരീക്ഷണം നടത്തുന്നുണ്ട്.

ഭാരവാഹനങ്ങൾ സൃഷ്ടിക്കുന്ന ആഘാതം നേരിടുന്ന പ്രദേശവാസികൾക്ക് തന്നെ ഈ തുക തിരികെ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി മെലിസ ഹോൺ വ്യക്തമാക്കി. ഇതിനുപുറമേ വിക്ടോറിയയിലെ ചരക്കുഗതാഗത മേഖലയിലെ മലിനീകരണം കുറയ്ക്കുന്നതിനായി എട്ട് ദശലക്ഷം ഡോളറിന്റെ ‘വിക്ടോറിയൻ ഫ്രൈറ്റ് ഡീകാർബണൈസേഷൻ കോ-ഇൻവെസ്റ്റ്മെന്റ് പ്രോഗ്രാമും’ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ ചെറുതും ഇടത്തരവുമായ ട്രാൻസ്‌പോർട്ട് ഓപ്പറേറ്റർമാർക്ക് സീറോ-എമിഷൻ വാഹനങ്ങളിലേക്ക് മാറാൻ 3,00,000 ഡോളർ വരെ ഗ്രാന്റ് നൽകും. ഇന്നർ വെസ്റ്റ് പ്രദേശത്തെ റോഡുകൾ റീ-ടാർ ചെയ്യുന്നതിനായി നേരത്തെ അനുവദിച്ച 5 മില്യൺ ഡോളറിന് പുറമെ 3 മില്യൺ ഡോളർ കൂടി സർക്കാർ അനുവദിച്ചിട്ടുണ്ട്.

നിലവിൽ പ്രതിവർഷം 44 കോടി ടൺ ചരക്കുനീക്കം നടക്കുന്ന വിക്ടോറിയയിൽ 2050–51 ആകുമ്പോഴേക്കും ഇത് 90.8 കോടി ടണ്ണായി ഉയരുമെന്നാണ് വിലയിരുത്തൽ. 2.4 ലക്ഷത്തോളം പേർ ജോലി ചെയ്യുന്ന മേഖലയാണിത്. റെസിഡൻഷ്യൽ റോഡുകളിലെ ട്രക്ക് ഗതാഗതം കുറയ്ക്കുന്നതിന്റെ നേട്ടം ജനങ്ങൾക്ക് ലഭിക്കണമെന്ന് ഫുട്‌സ്‌ക്രേ എം.എൽ.എ കാറ്റി ഹാൾ അഭിപ്രായപ്പെട്ടു. എന്നാൽ, മില്ലേഴ്‌സ് റോഡ്, വില്യംസ്‌ടൗൺ റോഡ് തുടങ്ങിയ പ്രധാന റോഡുകളിലേക്ക് ട്രക്കുകൾ തിരിച്ചുവിടുന്നത് സംബന്ധിച്ച് നാട്ടുകാർ ഇപ്പോഴും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ശബ്ദമലിനീകരണം, വായുവിന്റെ ഗുണനിലവാരം, റോഡ് സുരക്ഷ എന്നിവ മെച്ചപ്പെടുത്തുന്ന തരത്തിലുള്ള പദ്ധതികൾക്കായിരിക്കും സർവേയിലൂടെ ലഭിക്കുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ ഫണ്ടിൽ മുൻഗണന നൽകുക.

Leave a Reply

Your email address will not be published. Required fields are marked *