എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റ് സീനിയർ ക്ലർക്ക് മരിച്ചു

കാസർകോട്: എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് എ. ആശാലത (42) മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. എതിർത്തോട് സ്വദേശിനിയാണ് ആശാലത.

വെള്ളിയാഴ്ച ഓഫീസിലേക്ക് പോകുന്നതിനിടെ ആശാലത എലിവിഷം കഴിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ ആരോഗ്യനില മോശമായതോടെ കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു.

കളക്ടറേറ്റിലെ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ആശാലതയെ ഏകദേശം രണ്ട് മാസം മുൻപാണ് എൻഡോസൾഫാൻ സെല്ലിലേക്ക് മാറ്റിയത്. സ്ഥലംമാറ്റത്തിന് പിന്നാലെ ജോലിസ്ഥലത്ത് ഒറ്റപ്പെടുന്നുവെന്ന മനോവിഷമം ഉണ്ടായിരുന്നതായി ആശാലതയുടെ ബന്ധു പൊലീസിന് മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ മരണത്തിന് ഇതാണ് കാരണമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗവും കാസർകോട് കളക്ടറേറ്റിലെ അക്ഷര ലൈബ്രറി ഭാരവാഹിയുമായിരുന്നു ആശാലത. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *