മെൽബൺ: മെൽബൺ സിബിഡിയിലെ (CBD) പ്രധാന സബ്സ്റ്റേഷനിൽ വാട്ടർ മെയിൻ പൈപ്പ് പൊട്ടി വെള്ളം കയറിയതിനെ തുടർന്ന് പതിനായിരത്തോളം ഉപഭോക്താക്കൾ മണിക്കൂറുകളോളം ഇരുട്ടിലായി. തിങ്കളാഴ്ച വൈകുന്നേരത്തോടെ ലിറ്റിൽ കോളിൻസ് സ്ട്രീറ്റിലെ പൊതു കാർ പാർക്കിംഗിൽ ഉണ്ടായ പൈപ്പ് പൊട്ടലിനെ തുടർന്നാണ് സമീപത്തെ പവർ സബ്സ്റ്റേഷന്റെ ബേസ്മെന്റിലേക്ക് വലിയ തോതിൽ വെള്ളം ഇരച്ചുകയറിയത്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ നഗരത്തിന്റെ തെക്കുകിഴക്കൻ മേഖലകളിലെ ട്രെയിൻ സർവീസുകൾ, ട്രാഫിക് സിഗ്നലുകൾ, ആശുപത്രികൾ എന്നിവയുടെ പ്രവർത്തനം തടസ്സപ്പെട്ടു.
വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് സിബിഡി, ഈസ്റ്റ് മെൽബൺ, സൗത്ത് യാര എന്നിവിടങ്ങളിലായി നാൽപ്പതോളം ട്രാഫിക് സിഗ്നലുകൾ ഒരേസമയം പ്രവർത്തനരഹിതമായതായി വിക്ട്രാഫിക് (VicTraffic) അറിയിച്ചു. ഇതോടെ നഗരത്തിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സിഗ്നലുകൾ ഓഫായ ജംഗ്ഷനുകളിൽ സ്റ്റോപ്പ്, ഗിവ് വേ (Give Way) നിയമങ്ങൾ കൃത്യമായി പാലിക്കാൻ ഡ്രൈവർമാർക്ക് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. പവർ കട്ട് നഗരത്തിലെ പ്രമുഖ ആശുപത്രികളായ എപ്വർത്ത് ഫ്രീമേസൺസിന്റെ (Epworth Freemasons) ആൽബർട്ട് സ്ട്രീറ്റ്, വിക്ടോറിയ പരേഡ് ശാഖകളെയും ബാധിച്ചു. രണ്ട് മണിക്കൂറോളം എമർജൻസി ലൈറ്റുകളുടെ സഹായത്തോടെയാണ് ആശുപത്രികൾ പ്രവർത്തിച്ചതെങ്കിലും രോഗികളെ സുരക്ഷിതമായി മാറ്റേണ്ട സാഹചര്യം ഉണ്ടായില്ലെന്ന് ആശുപത്രി വക്താവ് വ്യക്തമാക്കി.
അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള ക്രമീകരണങ്ങൾ കൃത്യമായി നടപ്പാക്കിയതിനാൽ രോഗികളുടെ പരിചരണത്തെ ബാധിച്ചിട്ടില്ലെന്നും നിലവിൽ ആശുപത്രികളിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു. രാത്രി എട്ട് മണിയോടെ ഭൂരിഭാഗം സ്ഥലങ്ങളിലെയും പ്രശ്നം പരിഹരിച്ചെങ്കിലും ആയിരത്തോളം ആളുകൾ ഇപ്പോഴും വൈദ്യുതിയില്ലാതെ തുടരുകയാണ്. സബ്സ്റ്റേഷനിൽ കെട്ടിക്കിടക്കുന്ന പതിനായിരക്കണക്കിന് ലിറ്റർ വെള്ളം പമ്പ് ചെയ്ത് പുറത്തു കളയാൻ വലിയ പമ്പ് ട്രക്കുകൾ സ്ഥലത്തെത്തിച്ചിട്ടുണ്ടെന്നും, വെള്ളം പൂർണ്ണമായി മാറ്റിയാലുടൻ നാശനഷ്ടങ്ങൾ വിലയിരുത്തി അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കാൻ ജീവനക്കാർ രാത്രി മുഴുവൻ ജോലി ചെയ്യുമെന്നും സിറ്റിപവർ (Citipower) അറിയിച്ചു.

