കാൻബെറ: വ്യാപകമായ വിമർശനങ്ങൾ ഉയരുന്നതിനിടയിലും നെഗറ്റീവ് ഗിയറിങ് (Negative Gearing), കാപ്പിറ്റൽ ഗെയിൻസ് ടാക്സ് (Capital Gains Tax – CGT) എന്നിവയിൽ വരുത്തുന്ന വിവാദപരമായ നികുതി പരിഷ്കരണ നിയമങ്ങളുമായി മുന്നോട്ട് പോകാൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. വരുന്ന വ്യാഴാഴ്ച ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും നിയമം വേഗത്തിൽ പാസാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇൻവെസ്റ്റർമാരുടെയും സ്റ്റാർട്ടപ്പു കളുടെയും ഭാഗത്തുനിന്നുള്ള കടുത്ത എതിർപ്പ് തണുപ്പിക്കുന്നതിനായി, പുതിയ സംരംഭങ്ങൾ ഉൾപ്പെടെയുള്ള ചില ബിസിനസ് മേഖലകൾക്ക് ഈ നികുതി പരിഷ്കരണത്തിൽ നിന്ന് ഇളവുകൾ നൽകിയേക്കുമെന്ന സൂചനയും പ്രധാനമന്ത്രി നൽകി.
ലേബർ പാർട്ടിയുടെ പ്രീ-ഇലക്ഷൻ വാഗ്ദാനമായിരുന്ന $1,000 സ്റ്റാൻഡേർഡ് ടാക്സ് ഡിഡക്ഷനും ബഡ്ജറ്റിൽ പ്രഖ്യാപിച്ച $250 ‘വർക്കിങ് ഓസ്‌ട്രേലിയൻസ് ടാക്സ് ഓഫ്‌സെറ്റും’ ഈ കരട് നിയമത്തിൽ ഉൾപ്പെടുത്തിയി ട്ടുണ്ട്. ബില്ലിന്റെ പ്രധാന ഭാഗങ്ങൾ ജൂലൈ ആദ്യത്തോടെ പാർലമെന്റിൽ പാസാക്കാനാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. ഇതോടെ പ്രതിപക്ഷ സഖ്യമായ കോയലിഷനും വൺ നേഷനും രാഷ്ട്രീയമായി കടുത്ത സമ്മർദ്ദത്തിലാകും. കാരണം ഈ നികുതി പരിഷ്കരണങ്ങളെ എതിർക്കണമെങ്കിൽ അവർക്ക് ബഡ്ജറ്റിലെ നികുതി ഇളവുകൾക്കെതിരെ വോട്ട് ചെയ്യേണ്ടി വരും. എന്നാൽ, ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ലേബർ പാർട്ടിയുടെ കോക്കസ് മീറ്റിങ്ങിൽ ഈ നിയമത്തിനെതിരെ സ്വന്തം പാർട്ടി എംപിമാരിൽ നിന്ന് തന്നെ കടുത്ത ഭിന്നതയും വാദപ്രതിവാദങ്ങളും ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
നിലവിലുള്ള 50 ശതമാനം കാപ്പിറ്റൽ ഗെയിൻസ് ടാക്സ് ഡിസ്കൗണ്ട് ഒഴിവാക്കി പകരം പണപ്പെരുപ്പത്തെ (Inflation) അടിസ്ഥാനമാക്കിയുള്ള മാതൃക കൊണ്ടുവരുന്നത് ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ഒരു വിഭാഗം ലേബർ എംപിമാർ തന്നെ കുറ്റപ്പെടുത്തുന്നു. ഹൗസിങ് മാർക്കറ്റിലെ തലമുറകൾ തമ്മിലുള്ള തുല്യതയെക്കുറിച്ചുള്ള ചർച്ചകളിൽ നിന്നും ബഡ്ജറ്റ് ഫോക്കസ് മാറിപ്പോയതിൽ ഇവർക്ക് അമർഷമുണ്ട്. ആദ്യത്തെ ഏതാനും വർഷങ്ങൾ പ്രവർത്തിക്കുന്ന ബിസിനസുകൾക്ക് ഇളവുകൾ നൽകുന്നത് നിലവിലെ പ്രതിഷേധങ്ങളുടെ ചൂട് കുറയ്ക്കാൻ സഹായിക്കുമെന്ന് ഒരു എംപി ‘ഗാർഡിയൻ ഓസ്‌ട്രേലിയയോട്’ പ്രതികരിച്ചു. അതേസമയം ട്രസ്റ്റുകളുടെ നികുതി ഘടനയിലുള്ള മാറ്റങ്ങൾ ഈ വർഷം അവസാനം മാത്രമേ ഉണ്ടാകൂ എന്ന് ആൽബനീസ് വ്യക്തമാക്കി. ബിസിനസ് ഗ്രൂപ്പുകളുമായും ടെക് മേഖലയുമായും ചർച്ചകൾ തുടരുകയാണെന്നും പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ ഈ പരിഷ്കരണങ്ങളെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ തങ്ങൾ അധികാരത്തിൽ വന്നാൽ ഈ നിയമങ്ങൾ റദ്ദാക്കുമെന്നാണ് പ്രതിപക്ഷം പ്രഖ്യാപിച്ചിരിക്കുന്നത്.
നിയമം സെനറ്റ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടണമോ എന്ന കാര്യത്തിൽ പ്രധാനമന്ത്രി കൃത്യമായ മറുപടി നൽകിയില്ല. സെനറ്റിൽ ഗ്രീൻസ് പാർട്ടിയുടെ നിലപാടായിരിക്കും ബില്ലിന്റെ ഭാവി നിശ്ചയിക്കുക. നിലവിലെ മാറ്റങ്ങൾ വെറും ‘ഉപരിപ്ലവമായ തിരുത്തലുകൾ’ മാത്രമാണെന്ന് വിശേഷിപ്പിച്ച ഗ്രീൻസ് നേതാവ് ലാറിസ വാട്ടേഴ്സ്, നികുതി പരിധിക്ക് പുറത്തുള്ള 4 മില്യൺ വരുന്ന കുറഞ്ഞ വരുമാനക്കാർക്കും ക്ഷേമ പെൻഷൻ കൈപ്പറ്റുന്നവർക്കും $250 ഓഫ്‌സെറ്റ് ആനുകൂല്യം നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഈ ബഡ്ജറ്റ് ഓസ്‌ട്രേലിയൻ ജനതയുടെ സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തെ സാക്ഷാത്കരിക്കാൻ വേണ്ടിയുള്ള താണെന്നും, നിലവിൽ കഷ്ടപ്പെടുന്ന ദശലക്ഷക്കണക്കിന് ആളുകളെയാണ് സർക്കാർ പരിഗണിക്കുന്നതെന്നും ഹൗസിങ് മിനിസ്റ്റർ ക്ലെയർ ഒനീൽ വ്യക്തമാക്കി.
ബില്ല് ഇത്ര പെട്ടെന്ന് പാർലമെന്റിൽ പാസാക്കാൻ ശ്രമിക്കുന്നത് ബിസിനസ് മേഖലയിൽ വിപരീത ഫലങ്ങൾ ഉണ്ടാക്കുമെന്ന് സ്വതന്ത്ര എംപി അല്ലെഗ്ര സ്പെൻഡർ മുന്നറിയിപ്പ് നൽകി. കേവലം ചില മേഖലകൾക്ക് മാത്രം ഇളവുകൾ നൽകിയതുകൊണ്ട് കാര്യമില്ലെന്നും സർക്കാരിന്റെ ഈ പദ്ധതി പൂർണ്ണമായി പുനഃപരിശോധിക്ക ണമെന്നും ഓസ്‌ട്രേലിയൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചീഫ് എക്സിക്യൂട്ടീവ് ആൻഡ്രൂ മക്മില്ലർ ആവശ്യപ്പെട്ടു. ഉൽപ്പാദനക്ഷമത കൂട്ടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പറയുമ്പോൾ തന്നെ, നിക്ഷേപങ്ങൾക്ക് മേൽ കനത്ത നികുതി ചുമത്തുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

