മെൽബൺ: ലോകത്തിലെ ഏറ്റവും വലിയ ഖനന കമ്പനിയായ ബിഎച്ച്പി തങ്ങളുടെ വലിയ തോതിലുള്ള കാർബൺ പുറന്തള്ളൽ വെട്ടിക്കുറയ്ക്കുന്നതിനുള്ള സുപ്രധാന പരിസ്ഥിതി പദ്ധതികൾ നിർത്തിവെക്കുകയോ വൈകിപ്പിക്കുകയോ ചെയ്തതായി വെളിപ്പെടുത്തൽ. വെസ്റ്റേൺ ഓസ്ട്രേലിയയിലെ പിൽബറ മേഖലയിലുള്ള തങ്ങളുടെ പ്രധാന ഇരുമ്പയിര് ഖനന പ്രവർത്തനങ്ങളിലെ ഹരിത നിക്ഷേപങ്ങൾ അടുത്ത രണ്ട് പതിറ്റാണ്ടുക ളിലേക്ക് നീട്ടിവെക്കാനുള്ള തന്ത്രപരമായ നീക്കങ്ങൾ കമ്പനി രഹസ്യമായി നടത്തിവരികയാണെന്ന് ആഭ്യന്തര രഹസ്യരേഖകൾ വ്യക്തമാക്കുന്നു. ‘ദി ഗാർഡിയൻ’ പത്രവും എബിസിയുടെ ‘ഫോർ കോണേഴ്സും’ സംയുക്ത മായി നടത്തിയ പ്രത്യേക അന്വേഷണത്തിലൂടെയാണ് ‘ബിഎച്ച്പി ഫയലുകൾ’ എന്ന് പേരിട്ടിരിക്കുന്ന ഈ നിർണ്ണായക രേഖകൾ പുറത്തുവന്നത്.
ഓസ്ട്രേലിയയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാർബൺ പുറന്തള്ളിയ പ്രധാന കമ്പനികളിലൊന്നായ ബിഎച്ച്പി, മലിനീകരണം വൻതോതിൽ കുറയ്ക്കാൻ ശേഷിയുള്ള ഒരു വലിയ പ്ലാന്റിന്റെ നിർമ്മാണ പദ്ധതി പൂർണ്ണമായി ഉപേക്ഷിച്ചതായും രേഖകൾ കാണിക്കുന്നു. കൂടാതെ, വിഭവസമൃദ്ധമായ പിൽബറ മേഖലയിലെ ഖനന പ്രവർത്തനങ്ങൾക്ക് ആവശ്യമായ പുനരുപയോഗ ഊർജ്ജം ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്ത സോളാർ ഉൾപ്പെടെയുള്ള പദ്ധതികളും കമ്പനി ഇപ്പോൾ മരവിപ്പിച്ചിരിക്കുകയാണ്. പിൽബറയിലെ കാലാവസ്ഥാ വ്യതിയാന വിരുദ്ധ പ്രവർത്തനങ്ങൾ വൈകിക്കുന്നത് കമ്പനിയുടെ പൊതുപ്രതിച്ഛായയെ ദോഷകരമായി ബാധിക്കുമെന്നും, പരസ്യമായി നൽകിയ കാർബൺ മലിനീകരണ നിയന്ത്രണ വാഗ്ദാനങ്ങൾ പാലിച്ച് മുന്നോട്ട് പോകുന്നത് കമ്പനിയുടെ പ്രവർത്തനാനുമതിക്ക് (licence to operate) തന്നെ അനിവാ ര്യമാണെന്നും ബിഎച്ച്പിക്ക് ആഭ്യന്തരമായി ബോധ്യമുണ്ടായിരുന്നുവെന്ന് ഈ രേഖകൾ വെളിപ്പെടുത്തുന്നു.
എന്നാൽ ഈ ആഭ്യന്തര മുന്നറിയിപ്പുകളെല്ലാം അവഗണിച്ചുകൊണ്ട്, കഴിഞ്ഞ വർഷം തന്നെ തങ്ങളുടെ ഡീകാർബണൈസേഷൻ (കാർബൺ വിമുക്തമാക്കൽ) പദ്ധതികളുടെ വേഗത കുറയ്ക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഈ മേഖലയിലെ ചിലവുകൾ വൻതോതിൽ വെട്ടിക്കുറ യ്ക്കുകയും, വലിയ നിക്ഷേപങ്ങൾ 2030-കളിലേക്ക് മാറ്റിവെക്കാൻ തീരുമാനിക്കുകയും ചെയ്തു. അടിയന്തര കാലാവസ്ഥാ വ്യതിയാന പരിപാടികളുമായി മുന്നോട്ട് പോകാൻ ഭൂരിഭാഗം ഓഹരി ഉടമകളുടെയും പിന്തുണയും, ഒരു പ്രധാന സോളാർ പ്രൊജക്റ്റിന് ബോർഡിന്റെ അംഗീകാരവും ഉണ്ടായിരുന്നിട്ടും അതിനെയെല്ലാം അട്ടിമറിച്ചാണ് ബിഎച്ച്പി മാനേജ്മെന്റ് നിക്ഷേപങ്ങളിൽ നിന്ന് പിന്നോട്ട് പോയതെന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

