അഡ്ലെയ്ഡ്: അഡ്ലെയ്ഡിലെ സെന്റ് യൂഫ്രേസ്യാ സീറോ മലബാർ ഇടവകയുടെ വാർഷിക തിരുനാളും ഇടവക ദിനാഘോഷങ്ങളും വിപുലമായ പരിപാടികളോടെ സമാപിച്ചു. ഇടവക മധ്യസ്ഥയായ വിശുദ്ധ യൂഫ്രേസ്യാമ്മയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളാണ് ഇടവകയിൽ ഭക്തിസാന്ദ്രമായി കൊണ്ടാടിയത്.
ഒക്ടോബർ 16 മുതൽ 25 വരെ നീണ്ടുനിന്ന തിരുനാൾ ആഘോഷങ്ങളുടെ പ്രധാന ചടങ്ങുകൾ ഒക്ടോബർ 23, 24, 25 തീയതികളിലാണ് നടന്നത്. ഒക്ടോബർ 23 വെള്ളിയാഴ്ച നടന്ന ഭക്തിനിർഭരമായ കൊടിയേറ്റത്തോടുകൂടിയാണ് തിരുക്കർമ്മങ്ങൾക്ക് തുടക്കമായത്.
ഒക്ടോബർ 24 ശനിയാഴ്ച വൈവിധ്യമാർന്ന കലാപരിപാടികളോടെ ‘പാരിഷ് ഡേ’ (ഇടവക ദിനം) ആഘോഷിച്ചു. സമാപന ദിവസമായ ഒക്ടോബർ 25 ഞായറാഴ്ച ആഘോഷമായ തിരുനാൾ കുർബാനയും പ്രസുദേന്തി വാഴ്ചയും നടന്നു. തുടർന്ന് നടന്ന തിരുസ്വരൂപ പ്രദക്ഷിണം, ചെണ്ടമേളം, കരിമരുന്ന് പ്രയോഗം എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സ്നേഹവിരുന്നോടെയാണ് ഈ വർഷത്തെ തിരുനാൾ ചടങ്ങുകൾ പൂർത്തിയായത്.

