സിഡ്നി: വെസ്റ്റേൺ സിഡ്നിയിലെ വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്കും യുവാക്കൾക്കുമായി അപൂർവ സംവേദന സൗഹൃദ (sensory-friendly) വേദി ഒരുങ്ങുന്നു. പ്രമുഖ സന്നദ്ധ സംഘടനയായ ഡി.എ.സി ഓസ്ട്രലേഷ്യൻ ചാപ്റ്ററും താരാ കമ്മ്യൂണിറ്റി കെയറും സംയുക്തമായി സംഘടിപ്പിക്കുന്ന ‘എംപവർഏബിൾ ഫാമിലി കണക്ട്’ 2026 നവംബർ 14 ശനിയാഴ്ച വെന്റ്വർത്ത്വില്ലിലെ റെഡ്ഗം ഫംഗ്ഷൻ സെന്ററിൽ നടക്കും.
ഓട്ടിസം, എ.ഡി.എച്ച്.ഡി തുടങ്ങിയ ന്യൂറോഡൈവേഴ്സ് അവസ്ഥകളുള്ള കുട്ടികൾക്കായി ഇത്തരം സമഗ്രമായ കൂട്ടായ്മകൾ വളരെ വിരളമായി മാത്രം നടക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ സംരംഭം സംഘടിപ്പിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെയും യുവാക്കളുടെയും സർഗ്ഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനുള്ള പ്രത്യേക കലാവിരുന്നാണ് പരിപാടിയുടെ പ്രധാന ആകർഷണം. ഗാനാലാപനം, സംഗീതോപകരണ വായന, നൃത്തം, മാജിക്, പ്രസംഗം തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾ തങ്ങളുടെ കഴിവുകൾ മാറ്റുരയ്ക്കും.
കുട്ടികളുടെ മാനസിക സുരക്ഷിതത്വവും ശാന്തതയും ഉറപ്പാക്കാൻ നിയന്ത്രിതമായ ശബ്ദസംവിധാനങ്ങൾ, പ്രത്യേക ശാന്തതാ മുറികൾ (quiet spaces), വീൽചെയർ സൗകര്യങ്ങൾ എന്നിവ വേദിയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ, രക്ഷിതാക്കൾക്കായി എൻ.ഡി.ഐ.എസ് (NDIS) സേവനങ്ങളെക്കുറിച്ചും പരിചരണ ഏകോപനത്തെക്കുറിച്ചും വിശദീകരിക്കുന്ന വിദഗ്ധ ക്ലാസുകളും താരാ കമ്മ്യൂണിറ്റി കെയറിന്റെ നേതൃത്വത്തിൽ നടക്കും.
നവംബർ 14 ശനിയാഴ്ച രാവിലെ 11:00 മുതൽ ഉച്ചയ്ക്ക് 2:00 വരെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പ്രവേശനം പൂർണ്ണമായും സൗജന്യമാണെങ്കിലും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ പങ്കെടുക്കാനാകൂ. പങ്കാളികളാകുന്ന മുഴുവൻ കുടുംബങ്ങൾക്കും ഉച്ചഭക്ഷണവും സൗജന്യമായി ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു. ഓൺലൈൻ വഴിയാണ് രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.

