തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ ഒന്നര വയസുകാരൻ അർഷാദിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മ അഖിലയുടെ പങ്കും വിശദമായി അന്വേഷിച്ച് പൊലീസ്. കുഞ്ഞിനെ പ്രതിയായ അഷ്‌കർ വടികൊണ്ട് അടിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യുന്നത് അഖില കണ്ടിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കുഞ്ഞ് തുടർച്ചയായി മർദനത്തിനും പീഡനത്തിനും ഇരയായിട്ടും അഖില ഇടപെട്ടില്ലെന്നും, ആക്രമണങ്ങൾ തടയാൻ ശ്രമിച്ചില്ലെന്നും പൊലീസ് പറയുന്നു.
അർഷാദിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു അഷ്‌കറിന്റെ പ്രവർത്തനമെന്ന സംശയവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. അഖില ഇതിന് കൂട്ടുനിന്നിരുന്നോ എന്ന കാര്യവും അന്വേഷണപരിധിയിലുണ്ട്. കുഞ്ഞ് മരിച്ച ദിവസം അഖില എവിടെയായിരുന്നു എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
സംഭവസമയത്ത് താൻ തമിഴ്നാട്ടിൽ ഒരു നൃത്തപരിപാടിക്കായി പോയിരുന്നുവെന്നായിരുന്നു അഖിലയുടെ മൊഴി. ഈ അവകാശവാദത്തിന്റെ സത്യാവസ്ഥയും അന്വേഷണത്തിന്റെ ഭാഗമാണ്. അർഷാദിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അഷ്‌കറിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.
കുഞ്ഞിന് ദീർഘകാലമായി ക്രൂരമർദനമേൽക്കേണ്ടി വന്നിരുന്നുവെന്നും, അഖിലയ്ക്ക് അതിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ അഖിലയുടെ ഉത്തരവാദിത്വവും പങ്കാളിത്തവും സംബന്ധിച്ച തെളിവുകൾ ശേഖരിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

