ന്യൂഡൽഹി: ജാർഖണ്ഡിലെ കർഷകർക്ക് വൻ നേട്ടമായി ‘ആമ്രപാലി’ ഇനത്തിൽപ്പെട്ട മാമ്പഴങ്ങളുടെ ആദ്യ വാണിജ്യ കയറ്റുമതി. അഗ്രികൾച്ചറൽ ആൻഡ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (APEDA) യുടെ നേതൃത്വത്തിലാണ് ജാർഖണ്ഡിൽ നിന്നുള്ള രണ്ട് മെട്രിക് ടൺ ആമ്രപാലി മാമ്പഴങ്ങൾ ദുബായിലേക്ക് വിജയകരമായി കയറ്റി അയച്ചത്.
ജാർഖണ്ഡിലെ ഗുമ്ല, ദേവ്ഘർ ജില്ലകളിലെ സ്ത്രീകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മൂന്ന് ഫാർമർ പ്രൊഡ്യൂസർ കമ്പനികളിൽ (FPC) നിന്നാണ് കയറ്റുമതിക്കായുള്ള മാമ്പഴങ്ങൾ സംഭരിച്ചതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ ‘ബിർസ ഹരിത് ഗ്രാം യോജന’ പദ്ധതിക്ക് കീഴിൽ വികസിപ്പിച്ചെടുത്ത തോട്ടങ്ങളിൽ നിന്നാണ് ഗുണമേന്മയേറിയ ഈ മാമ്പഴങ്ങൾ ഉത്പാദിപ്പിച്ചത്.
പുതിയ രാജ്യാന്തര വിപണി സാധ്യതകൾ തുറന്നുകിട്ടിയതോടെ പ്രാദേശിക വിപണിയിലേതിനേക്കാൾ ഏകദേശം 180 ശതമാനം ഉയർന്ന വരുമാനം നേടാൻ ഇവിടുത്തെ കർഷകർക്ക് ഈ ഉദ്യമത്തിലൂടെ സാധിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ കൂടുതൽ കാർഷിക ഉത്പന്നങ്ങൾ ജാർഖണ്ഡിൽ നിന്ന് അന്താരാഷ്ട്ര വിപണിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

