കുമളി: എട്ട് വർഷം ഒരേ ബസ്, ദിവസവും നൂറുകണക്കിന് യാത്രക്കാർ, കുമളിയിൽ നിന്ന് കമ്പത്തേക്കും തിരിച്ചും നീണ്ട യാത്രകൾ. ഈ യാത്രകളിലൊക്കെയും ഡ്രൈവിങ് സീറ്റിൽ ഒരേ മനുഷ്യനായിരുന്നു—പോൾ കുര്യൻ. എന്നാൽ, കഴിഞ്ഞ ദിവസം ആ യാത്രയ്ക്ക് ഒരു വ്യത്യസ്തമായ അന്ത്യമുണ്ടായി. ഡ്രൈവിങ് സീറ്റിൽനിന്ന് അവസാനമായി ഇറങ്ങിയ പോൾ ആദ്യം ബസിന്റെ നാല് ടയറുകളിലും കൈവച്ച് വണങ്ങി. പിന്നെ പതിയെ ബസിന്റെ മുൻവശത്തേക്ക് നടന്ന് എൻജിൻ ഭാഗത്ത് തലചായ്ച്ച് ഏതാനും നിമിഷങ്ങൾ നിന്നു. ഏറെക്കാലം കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട ഒരാളോട് യാത്ര പറയുന്നതുപോലെ “പൊന്നേ… പോട്ടേ…” എന്ന് അദ്ദേഹം പിരിഞ്ഞു. പോളിന്റെ ഈ വിടപറച്ചിൽ കണ്ടുനിന്ന സഹപ്രവർത്തകരുടെയും കണ്ണുകൾ നിറഞ്ഞു.
കുമളി ഡിപ്പോയിലെ കെ.എസ്.ആർടിസി ഡ്രൈവറായ പോൾ കുര്യൻ ഒക്ടോബർ 31നാണ് ഔദ്യോഗികമായി വിരമിക്കുന്നത്. എങ്കിലും ഡ്രൈവർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അവസാന സർവീസ് കഴിഞ്ഞ ദിവസം പൂർത്തിയായി. കഴിഞ്ഞ എട്ട് വർഷമായി കമ്പം–കുമളി–കറുവാക്കുളം–കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ ഡ്രൈവറായിരുന്നു അദ്ദേഹം. ദിവസവും ശരാശരി 480 കിലോമീറ്ററാണ് പോൾ ബസ് ഓടിച്ചിരുന്നത്. വഴികളിലെ ഓരോ വളവും കയറ്റവും ഇറക്കവും ബസിന്റെ ഓരോ ശബ്ദവും അദ്ദേഹത്തിന് സുപരിചിതമായിരുന്നു. യാത്രക്കാരും ബസും ജോലിയുടെ ഭാഗം മാത്രമല്ല, ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. “ഞാനല്ല… ബസാണ് എന്നെയും യാത്രക്കാരെയും സംരക്ഷിച്ചത്” എന്നായിരുന്നു യാത്രയെക്കുറിച്ചുള്ള പോളിന്റെ മറുപടി.
18 വർഷം മുൻപാണ് പോൾ കെ.എസ്.ആർടിസി സർവീസിൽ പ്രവേശിക്കുന്നത്. വർഷങ്ങൾ പിന്നിട്ടപ്പോൾ കുമളി ഡിപ്പോയിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറി. കമ്പത്തേക്കുള്ള ഓരോ യാത്രയിലും സ്ഥിരം യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന സ്വന്തം ആളായിട്ടായിരുന്നു പലരും അദ്ദേഹത്തെ കണ്ടത്. അതിന്റെ തെളിവായിരുന്നു അവസാന യാത്രയിലും ലഭിച്ചത്. കഴിഞ്ഞ ദിവസം കമ്പത്തുനിന്ന് മടങ്ങുന്നതിനിടെ ഗൂഡല്ലൂരിൽ വെച്ച് ആരാധകർ അദ്ദേഹത്തിന് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. വർഷങ്ങളായി സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ച ഡ്രൈവറോട് യാത്രക്കാർക്ക് പറയാനുണ്ടായിരുന്നതും ഒരേയൊരു നന്ദി മാത്രം.
ഒടുവിൽ സ്വന്തം ഡിപ്പോയിൽ തിരിച്ചെത്തിയപ്പോൾ പോൾ ബസിൽനിന്നിറങ്ങി എട്ട് വർഷമായി തനിക്ക് കൂട്ടായിരുന്ന ആ വാഹനത്തെ ഒന്നുകൂടി നോക്കി. ടയറുകളിലും എൻജിൻ ഭാഗത്തും കൈവച്ച് വണങ്ങി വിടപറഞ്ഞു. വിരമിക്കുന്നത് പോളാണെങ്കിലും, ആ എട്ട് വർഷം പോളിനൊപ്പം ഓടിയ ബസിനും നഷ്ടമാകുന്നത് ഒരു ഡ്രൈവറെ മാത്രമല്ല; സ്വന്തം ഹൃദയത്തോടെ അതിനെ ഓടിച്ചിരുന്ന ഒരാളെയാണ്.

