കാൻബെറ: ഓസ്ട്രേലിയയിൽ വരാനിരിക്കുന്ന അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പോളിൻ ഹാൻസന്റെ നേതൃത്വത്തിലുള്ള വൺ നേഷൻ പാർട്ടിയുമായി മുൻഗണനാ വോട്ട് വിഹിത ധാരണയ്ക്ക് (Preference Deal) തയ്യാറാണെന്ന സൂചന നൽകി ലിബറൽ പാർട്ടി നേതാവ് ആംഗസ് ടെയ്ലർ. നിലവിലെ ലേബർ സർക്കാരിനെ പുറത്താക്കാൻ സാധ്യമായ എല്ലാവരുമായും സഹകരിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
“തീരുമാനങ്ങൾ എന്തായിരിക്കണമെന്ന് ലിബറൽ പാർട്ടി സ്വന്തം നിലയ്ക്ക് തീരുമാനിക്കും. എന്നാൽ ഈ മോശം ലേബർ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ആരുമായും ഒന്നിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണ്,” മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ടെയ്ലർ പറഞ്ഞു.നിലവിലെ ഭരണകൂടത്തോട് വോട്ടർമാർക്ക് ക്ഷമ കെട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഓസ്ട്രേലിയൻ ജനതയെ പ്രധാനമന്ത്രിയും ട്രഷററും ഒരുപോലെ പരാജയപ്പെടുത്തിയെന്നും, ഈ സർക്കാരിനെയും അവരുടെ ജനദ്രോഹ നികുതികളെയും ഇല്ലാതാക്കാൻ ആരുമായും കൈകോർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ വൺ നേഷനുമായി ഏതെങ്കിലും തരത്തിലുള്ള കൃത്യമായ കരാറിലോ നിബന്ധനകളിലോ ഒപ്പുവെച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ അദ്ദേഹം വ്യക്തമായ സ്ഥിരീകരണം നൽകിയില്ല.
അതേസമയം, ലിബറൽ പാർട്ടി എംപിമാരുടെ സീറ്റുകൾ സംരക്ഷിക്കാൻ വേണ്ടി മാത്രം തങ്ങൾ ഒരു സഖ്യത്തിനും മുതിരില്ലെന്ന് വൺ നേഷൻ നേതാവ് പോളിൻ ഹാൻസൺ പ്രതികരിച്ചു. വൺ നേഷനുമായി ധാരണയിലെത്താനുള്ള ലിബറൽ പാർട്ടിയുടെ ഈ നീക്കത്തിനെതിരെ ഭരണപക്ഷമായ ലേബർ പാർട്ടി ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

