ക്യാൻബെറ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കുന്നതിനായി ആന്റണി ആൽബനീസ് സർക്കാർ പുതിയ ‘ഓസ്‌ട്രേലിയ എഐ സേഫ്റ്റി റൂൾസ്’ പ്രഖ്യാപിച്ചു. കുട്ടികൾ ഉൾപ്പെടെയുള്ള എല്ലാ ജനങ്ങളുടെയും ഡിജിറ്റൽ സുരക്ഷ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ പുതിയ സുരക്ഷാ മുൻഗണനകൾ അവതരിപ്പിച്ചിരിക്കുന്നത്. വരും നാളുകളിൽ തൊഴിലിടങ്ങളിലും ദൈനംദിന ഓൺലൈൻ ജീവിതത്തിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ പോകുന്നതാണ് ഈ തീരുമാനം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും മറ്റ് ഡിജിറ്റൽ സംവിധാനങ്ങളും സുരക്ഷിതമായി നൽകുന്നതിന് ടെക് കമ്പനികളെ പൂർണ്ണമായും ഉത്തരവാദികളാക്കുന്ന ‘ഡിജിറ്റൽ ഡ്യൂട്ടി ഓഫ് കെയർ’എന്ന പുതിയ നിയമം സർക്കാർ കൊണ്ടുവരും. ഇതിലൂടെ ഡിജിറ്റൽ ഇടങ്ങളിലെ അപകട സാധ്യതകൾ തടയുന്നതിനുള്ള ആദ്യ ഉത്തരവാദിത്തം ഈ കമ്പനികൾക്കായിരിക്കും. ഇതിനുപുറമെ, വ്യക്തിവിവരങ്ങളുടെ സുരക്ഷയ്ക്കായി കൂടുതൽ ശക്തമായ പ്രൈവസി നിയമങ്ങളുടെ രണ്ടാം ഘട്ടത്തിനും അറ്റോർണി ജനറലിന്റെ നേതൃത്വത്തിൽ തുടക്കം കുറിക്കും.
ഓസ്‌ട്രേലിയയിലെ തൊഴിലിടങ്ങളിൽ എഐ ഉണ്ടാക്കുന്ന സ്വാധീനം വിലയിരുത്താനും അവിടുത്തെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും പ്രത്യേക പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. ഫെഡറൽ സർക്കാർ ഏജൻസികളിൽ ഓട്ടോമേറ്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് തീരുമാനങ്ങളെടുക്കുന്നത് സുതാര്യമാക്കാൻ പുതിയ ചട്ടക്കൂടുകൾ ഉടൻ രൂപീകരിക്കും. റീട്ടെയിൽ മേഖലയിലെ സർവൈലൻസ് പ്രൈസിങ് പോലെയുള്ള വിപണിയിലെ ഡിജിറ്റൽ തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാൻ ഓസ്‌ട്രേലിയൻ കൺസ്യൂമർ നിയമങ്ങളിലും കാര്യമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള ഡീപ്ഫേക്ക് , നൂഡിഫൈ ആപ്പുകൾ എന്നിവ കർശനമായി തടയാനുള്ള മുൻ നിയമങ്ങൾക്ക് കരുത്തേകുന്നതാണ് പുതിയ തീരുമാനങ്ങൾ. ഈ പുതിയ സുരക്ഷാ ചട്ടങ്ങൾ നടപ്പിലാക്കുന്നതിലൂടെ ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രവാസികളുടെ കുടുംബങ്ങൾക്കും കൂടുതൽ സുരക്ഷിതമായ ഓൺലൈൻ അന്തരീക്ഷം ലഭിക്കും. ഓസ്‌ട്രേലിയയിലെ ഐടി, ഹെൽത്ത്‌കെയർ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ തൊഴിൽ സുരക്ഷയും ഡാറ്റാ പ്രൈവസിയും ഉറപ്പാക്കാനും പുതിയ നിയമങ്ങൾ വഴിയൊരുക്കും.

