ഇടുക്കിയിലെ 63 തദ്ദേശ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം

ഇടുക്കി: ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും 2026-27 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. 52 ഗ്രാമപഞ്ചായത്തുകള്‍, എട്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, രണ്ട് നഗരസഭകള്‍, ജില്ലാ പഞ്ചായത്ത് എന്നിവയുള്‍പ്പടെ ആകെ 63 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികൾക്കാണ് സമിതിയുടെ അംഗീകാരം ലഭിച്ചത്. ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതി ഭേദഗതികൾക്ക് അന്തിമ അനുമതിയായത്. മെംബര്‍ സെക്രട്ടറിയായ ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. പി. പ്രവീണ്‍ എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു. ഓഗസ്റ്റ് 5-ന് നടന്ന യോഗത്തില്‍ 30 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികൾക്ക് അംഗീകാരം നൽകിയിരുന്നു. തുടർന്ന് ചേർന്ന യോഗത്തിൽ ശേഷിച്ച 33 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികൾ കൂടി അംഗീകരിക്കുകയായിരുന്നു.

പദ്ധതികള്‍ ഇനി നിര്‍വഹണ ഘട്ടത്തിലേക്ക് അതിവേഗം കടക്കണമെന്നും അനുവദിച്ച ഫണ്ടുകള്‍ നഷ്ടപ്പെടുത്താതെ പൂർത്തിയാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളും പദ്ധതി വിഹിതം 100 ശതമാനവും വിനിയോഗിക്കണം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്ന അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്നും ഇത് വികസനത്തിനായി പരമാവധി പ്രയോജനപ്പെടുത്തണമെന്നും പ്രസിഡന്റ് വ്യക്തമാക്കി.

ലഭിക്കുന്ന അവസരങ്ങളും വിവിധ ഗ്രാന്റുകളും തദ്ദേശ സ്ഥാപനങ്ങൾ ഫലപ്രദമായി വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് പറഞ്ഞു. പഞ്ചായത്തുകള്‍ തനത് വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തണം. ഇടുക്കിയുടെ ജൈവ വൈവിധ്യവും പ്രകൃതി ഭംഗിയും വരുമാനമാക്കി മാറ്റാന്‍ സാധിക്കണം. ജൈവവൈവിധ്യ രജിസ്റ്റര്‍ ഇതിനുള്ള അനന്തസാധ്യതയാണ് തുറക്കുന്നത്. രജിസ്റ്ററിന്റെ രണ്ടാം വോള്യം പൂര്‍ത്തിയാക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ എത്രയും വേഗം നടപടികൾ പൂർത്തിയാക്കണം. തനത് വരുമാനം തീരെ കുറഞ്ഞ പഞ്ചായത്തുകളുടെ പ്രത്യേക യോഗം വിളിച്ചുചേർക്കുമെന്നും, പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനായുള്ള പുരോഗതി ആസൂത്രണ സമിതി നിരന്തരം വിലയിരുത്തുമെന്നും കളക്ടര്‍ കൂട്ടിച്ചേർത്തു.

ജില്ലയില്‍ മലേറിയ രോഗബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഓരോ പഞ്ചായത്തുകളും നിര്‍ബന്ധമായും അതിഥി തൊഴിലാളികളുടെയും അവരെ എത്തിക്കുന്ന ഏജന്റുമാരുടെയും കൃത്യമായ രജിസ്റ്റര്‍ തയാറാക്കണമെന്ന് കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കര്‍ശന നിര്‍ദേശം നല്‍കി. ഈ രജിസ്റ്റര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച് വാക്‌സിനേഷന്‍ അടക്കമുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കും. കൂടാതെ ജില്ലയിലെത്തുന്ന ഓരോ അതിഥി തൊഴിലാളിയുടെയും രക്ത സാംപിളുകൾ ശേഖരിച്ച് പരിശോധന നടത്താനും യോഗത്തിൽ തീരുമാനമായി.

ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക്-പഞ്ചായത്ത്-നഗരസഭ സെക്രട്ടറിമാര്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *