സിഡ്നി: കേരളീയ പാരമ്പര്യവും പുതുതലമുറയുടെ (Gen Z) യുവത്വത്തിന്റെ ഊർജ്ജവും ഒത്തുചേർന്നപ്പോൾ സിഡ്നിയിൽ അരങ്ങേറിയത് വേറിട്ടൊരു ഓണാഘോഷം. ആയിരത്തിയഞ്ഞൂറിലധികം യുവതീയുവാക്കൾ പങ്കെടുത്ത ‘ആർപ്പോ ഇറോ യൂത്ത് ഓണം 2026’ (ARPO IRRO Youth Onam 2026), ഓസ്ട്രേലിയയിലെ അടുത്ത തലമുറയ്ക്കിടയിലും കേരളത്തിന്റെ സംസ്കാരം സജീവമാണെന്ന് തെളിയിക്കുന്നതായി.
മെഡോബാങ്കിലെ മാർസ്ഡൻ ഹൈസ്കൂളിൽ (Marsden High School, Meadowbank) വെച്ച് നടന്ന ആഘോഷപരിപാടിയിൽ പരമ്പരാഗത ഓണാഘോഷങ്ങൾക്കൊപ്പം മലയാള സിനിമ, സൗഹൃദക്കൂട്ടായ്മകൾ, യുവത്വത്തിന്റെ ആവേശം എന്നിവയെല്ലാം ഒത്തുചേർന്നു. ഓസ്ട്രേലിയൻ പശ്ചാത്തലത്തിലും കേരളീയ വേരുകളിലും വളരുന്ന യുവതലമുറയ്ക്ക് തങ്ങളുടെ സംസ്കാരത്തെ സ്വന്തം രീതിയിൽ അനുഭവിച്ചറിയാനും സൗഹൃദങ്ങളിലൂടെ ആഘോഷിക്കാനുമുള്ള വേദിയൊരുക്കുകയായിരുന്നു ആർപ്പോ ഇറോ.
യുവജനങ്ങളുടെ പ്രിയങ്കരനായ മലയാള ചലച്ചിത്ര താരം നസ്‌ലെന്റെ സാന്നിധ്യം പരിപാടിയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു. താരത്തിന് ആവേശോജ്ജ്വലമായ സ്വീകരണമാണ് സദസ്സ് നൽകിയത്. തങ്ങളുടെ സംസ്കാരത്തിൽ നിന്നും വേരുകളിൽ നിന്നും അകന്നുപോകാതെ, സ്വന്തമായ ശൈലിയിൽ പാരമ്പര്യത്തെ നെഞ്ചിലേറ്റുന്ന യുവതലമുറയുടെ കൂട്ടായ്മ കൂടിയായി ഈ ചടങ്ങ് മാറി. ആർപ്പോ ഇറോ ടീമിന്റെയും വോളന്റിയർമാരുടെയും പിന്തുണക്കാരുടെയും മികച്ച ആസൂത്രണവും പ്രവർത്തനങ്ങളുമാണ് പരിപാടിയെ വൻ വിജയമാക്കിയത്.

