ഓസ്ട്രേലിയൻ രാഷ്ട്രീയത്തിൽ വൻ അട്ടിമറി: ജനപ്രിയ പ്രധാനമന്ത്രി സർവേയിൽ പോളിൻ ഹാൻസൻ മുന്നിൽ; ആൽബനീസിനും പ്രതിപക്ഷത്തിനും തിരിച്ചടി

സിഡ്നി: ഓസ്ട്രേലിയൻ രാഷ്ട്രീയ ചരിത്രത്തിൽ അഭൂതപൂർവ്വമായ മാറ്റം രേഖപ്പെടുത്തി വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസൻ രാജ്യത്തെ ജനപ്രിയ പ്രധാനമന്ത്രി സർവേയിൽ ഒന്നാമതെത്തി. ‘ദി ഏജ്’, ‘സിഡ്നി മോണിംഗ് ഹെറാൾഡ്’ എന്നീ മാധ്യമങ്ങൾക്കായി പ്രമുഖ സർവേ ഏജൻസിയായ ‘റിസോൾവ് സ്ട്രാറ്റജിക്’ (Resolve Political Monitor) നടത്തിയ ഏറ്റവും പുതിയ ദേശീയ അഭിപ്രായ സർവേയിലാണ് നിലവിലെ ഭരണ-പ്രതിപക്ഷ നേതൃത്വങ്ങളെ പിന്നിലാക്കി പോളിൻ ഹാൻസൻ മുന്നിലെത്തിയത്.

സർവേയിലെ കണക്കുകൾ പ്രകാരം 33 ശതമാനം വോട്ടർമാരുടെ പിന്തുണയോടെ പോളിൻ ഹാൻസൻ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ, നിലവിലെ പ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായ ആന്റണി ആൽബനീസിന് 29 ശതമാനം പിന്തുണ മാത്രമാണ് നേടാനായത്. ലിബറൽ-നാഷണൽ സഖ്യത്തിന്റെ പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ 16 ശതമാനം പിന്തുണയോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രധാനമന്ത്രി പദവിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മൂന്ന് പ്രമുഖ നേതാക്കളിൽ ഒരു മൂന്നാം കക്ഷി നേതാവ് ഒന്നാമതെത്തുന്നത് ഓസ്ട്രേലിയൻ രാഷ്ട്രീയത്തിൽ ഇതാദ്യമായാണ്.

ജീവിതച്ചെലവ് പ്രതിസന്ധി, പണപ്പെരുപ്പം, ഭവനപ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന നയങ്ങൾക്കെതിരായ ജനവികാരമാണ് ഭരണകക്ഷിയുടെ പിന്തുണ കുറയാൻ കാരണമായി വിലയിരുത്തപ്പെടുന്നത്. അതേസമയം, പ്രധാന പ്രതിപക്ഷമെന്ന നിലയിൽ ലിബറൽ-നാഷണൽ സഖ്യത്തിന് ജനവിശ്വാസം നേടിയെടുക്കാൻ സാധിക്കാത്തതും പരമ്പരാഗത വലതുപക്ഷ വോട്ടുകൾ വൺ നേഷനിലേക്ക് ആകർഷിക്കപ്പെടുന്നതും പ്രതിപക്ഷത്തിനും വലിയ തിരിച്ചടിയായി. പരമ്പരാഗത ഇരുമുന്നണി രാഷ്ട്രീയ സംവിധാനത്തെ പിടിച്ചുകുലുക്കുന്ന സർവേ ഫലം, സാമ്പത്തിക-സാമൂഹിക അനിശ്ചിതത്വങ്ങൾക്കിടയിൽ പോളിൻ ഹാൻസന്റെ കടുത്ത നിലപാടുകൾക്ക് പൊതുസമൂഹത്തിൽ സ്വീകാര്യത ഏറുന്നുവെന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *