വിഴിഞ്ഞം: കേരളത്തിന്റെ വികസനയാത്രയിൽ പുത്തൻ നാഴികക്കല്ല് കുറിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി (എക്സിം) പ്രവർത്തനങ്ങൾക്ക് തുടക്കമായി. തുറമുഖത്തു നിന്നുള്ള ആദ്യ രണ്ട് എക്സിം കണ്ടെയ്നറുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു.
തുറമുഖങ്ങളുടെ സമഗ്ര വികസനത്തിന് സ്വകാര്യ മൂലധനവും നിക്ഷേപവും അത്യന്താപേക്ഷിതമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ സമഗ്ര സമുദ്ര സാമ്പത്തിക വികസനം ലക്ഷ്യമിട്ടുള്ള ‘മിഷൻ സമുദ്ര’ പദ്ധതിയുടെ ലോഗോ പ്രകാശനവും ചടങ്ങിൽ അദ്ദേഹം നിർവഹിച്ചു.
സംസ്ഥാനത്തെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, ഒരു കണ്ടെയ്നർ സ്റ്റേഷൻ, 18 മിനി തുറമുഖങ്ങൾ എന്നിവയെ തമ്മിൽ സംയോജിപ്പിച്ച് കേരളത്തെ ഒരു പ്രധാന തുറമുഖ കേന്ദ്രമാക്കി മാറ്റുകയാണ് മിഷൻ സമുദ്ര പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു


