ന്യൂഡൽഹി: ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന വാണിജ്യ കപ്പലിന് നേരെ പ്രൊജക്റ്റൈൽ ആക്രമണം. പാനമ പതാക ഘടിപ്പിച്ച ‘എംടി ഓൺ പീസ്’ എന്ന കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ 11 ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ ആകെ 12 പേർക്ക് പരിക്കേറ്റു. കപ്പലിൽ ഉണ്ടായിരുന്ന 19 ജീവനക്കാരിൽ 17 പേരും ഇന്ത്യക്കാരായിരുന്നുവെന്നും പരിക്കേറ്റവരിൽ 11 പേരും ഇന്ത്യൻ പൗരന്മാരാണെന്നും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഒമാൻ അധികൃതരുടെ അടിയന്തര ഇടപെടലിലൂടെ ഇവരെ കപ്പലിൽ നിന്ന് ഒഴിപ്പിച്ച് ഒമാനിലെ ഖസബിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ ശക്തമായി അപലപിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സമുദ്രപാതകളിലൂടെയുള്ള ഗതാഗതവും വാണിജ്യവും തടസ്സമില്ലാതെ പുനഃസ്ഥാപിക്കേണ്ടത് സമാധാനത്തിനും സ്ഥിരതയ്ക്കും അനിവാര്യമാണെന്ന് ഇന്ത്യ വ്യക്തമാക്കി. രക്ഷാപ്രവർത്തനങ്ങൾക്ക് വേഗത്തിൽ പിന്തുണ നൽകിയ ഒമാൻ ഭരണകൂടത്തിന് വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു.
പരിക്കേറ്റ നാവികർക്ക് ആവശ്യമായ എല്ലാ വിദഗ്ദ്ധ ചികിത്സയും ഉറപ്പാക്കാൻ ഇന്ത്യൻ നയതന്ത്ര കാര്യാലയം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മേഖലയിലെ തുടർച്ചയായ സംഘർഷങ്ങളും സമുദ്രപാതകളിലെ ആക്രമണങ്ങളും വലിയ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, അന്താരാഷ്ട്ര സമൂഹം ഇതിൽ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. സമുദ്ര സുരക്ഷ മുൻനിർത്തി അയൽരാജ്യങ്ങളുമായി ചേർന്ന് ഇന്ത്യ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

