തൊമ്മൻകുത്ത് (ഇടുക്കി): വനംവകുപ്പ് കുരിശ് പിഴുതുമാറ്റിയ ഭൂമിയിൽ ഇനിമുതൽ എല്ലാ വെള്ളിയാഴ്ചയും ജപമാലപ്രാർഥന നടത്തുമെന്ന് തൊമ്മൻകുത്ത് സെയ്ന്റ് തോമസ് പള്ളി അധികൃതർ അറിയിച്ചു. ഇതിന് തുടക്കംകുറിച്ച്, സിറോ മലബാർ സഭ ജപമാലമാസമായി ആചരിക്കുന്ന ഒക്ടോബറിലെ ആദ്യത്തെ വെള്ളിയാഴ്ച വൈകീട്ട് വിശ്വാസികൾ സ്ഥലത്തേക്ക് ജപമാലറാലി നടത്തി. വികാരി ഫാ. ജെയിംസ് ഐക്കരമറ്റത്തിന്റെ നേതൃത്വത്തിലാണ് പ്രാർഥനാ ശുശ്രൂഷകൾ നടന്നത്.
വനഭൂമിയാണെന്ന് ചൂണ്ടിക്കാട്ടി 2025 ഏപ്രിൽ 12-നാണ് കൈവശഭൂമിയിൽ സ്ഥാപിച്ചിരുന്ന കുരിശ് വനംവകുപ്പ് പിഴുതുമാറ്റിയത്. എന്നാൽ, കഴിഞ്ഞ ആറു പതിറ്റാണ്ടായി ഒരു വിശ്വാസി കൈവശം വെച്ചിരുന്ന ഭൂമിയാണിതെന്നും, അദ്ദേഹം തൊമ്മൻകുത്ത് സെയ്ന്റ് തോമസ് പള്ളിക്ക് രേഖാമൂലം എഴുതിനൽകിയതിനെത്തുടർന്നാണ് അവിടെ കുരിശ് സ്ഥാപിച്ചതെന്നും പള്ളി അധികൃതർ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസങ്ങളിൽ പ്രദേശത്തെ കർഷകരുടെ ഭൂമി പട്ടയനടപടികൾക്കായി റവന്യൂ വകുപ്പ് അളന്നു തിട്ടപ്പെടുത്തിയെങ്കിലും, പള്ളിക്ക് കൈമാറിയ ഈ ഭൂമി അളന്നു നൽകിയിരുന്നില്ല.

