ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; പോക്സോ അടക്കം നിരവധി കേസുകളിലെ പ്രതി റിമാൻഡിൽ

പത്തനംതിട്ട: മകളെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച ഭാര്യാപിതാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് റിമാൻഡിലായി. മലപ്പുറം വളാഞ്ചേരി ഇടയൂർ ചക്കാല തെക്കേതിൽ വീട്ടിൽ ഹാരിസ് പി. ഹുസൈൻ (28) ആണ് പത്തനംതിട്ട പൊലീസിന്റെ പിടിയിലായത്. സംഭവസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഭാര്യാപിതാവ് പന്തളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു നാടിനെ നടുക്കിയ സംഭവം. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് വിവാഹിതരായ പത്തൊൻപതുകാരിയായ യുവതിയും പ്രതിയും പത്തനംതിട്ടയിലാണ് താമസിച്ചുവന്നിരുന്നത്. ദമ്പതികൾ തമ്മിലുള്ള കുടുംബവഴക്ക് പരിഹരിക്കുന്നതിനായി എത്തിയതായിരുന്നു യുവതിയുടെ മാതാപിതാക്കൾ. പ്രശ്നങ്ങൾ പറഞ്ഞ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതിനിടെ പ്രകോപിതനായ ഹാരിസ്, വീട്ടിനുള്ളിൽനിന്ന് കത്തിയെടുത്ത് ഭാര്യാപിതാവിന്റെ നെഞ്ചിലും കാലുകളിലും മാറിമാറി കുത്തുകയായിരുന്നു. രക്തത്തിൽ കുളിച്ചുവീണ ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും നില അതീവ ഗുരുതരമായി തുടരുകയാണ്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതിയെ കൃത്യസ്ഥലത്തുനിന്ന് തന്നെ കസ്റ്റഡിയിലെടുക്കുകയും രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അറസ്റ്റിലായ ഹാരിസ് പി. ഹുസൈൻ കുറ്റിപ്പുറം സ്റ്റേഷനിലെ പോക്സോ കേസ്, വളാഞ്ചേരി സ്റ്റേഷനിലെ രണ്ട് മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെ അഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. പത്തനംതിട്ട സി.ഐ അരുൺ ജി, എസ്.ഐമാരായ അനീഷ് എബ്രഹാം, രഞ്ജിത്, ഹരികൃഷ്ണൻ, സി.പി.ഒമാരായ അഖിൽ രാജ്, ശ്യാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *