തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കേസിൽ രണ്ടാമത്തെ ഹെൽത്ത് ഇൻസ്പെക്ടറെക്കൂടി അറസ്റ്റ് ചെയ്തു. നഗരൂർ ഗ്രാമപഞ്ചായത്തിലെ താൽക്കാലിക ഹെൽത്ത് ഇൻസ്പെക്ടറും വെങ്ങാനൂർ സ്വദേശിനിയുമായ മായയാണ് പോലീസിന്റെ പിടിയിലായത്. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ആറായി ഉയർന്നു.
പെൺവാണിഭ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പ്രധാനമായും നിയന്ത്രിച്ചിരുന്നത് മായയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. സ്പായിൽ നിന്നുള്ള വരുമാനം ആദ്യഘട്ടത്തിൽ എത്തിയിരുന്നത് ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു. തുടർന്ന് ഈ പണം കേസിലെ മറ്റൊരു പ്രതിയും തിരുവനന്തപുരം കോർപ്പറേഷനിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുമായ അനുരൂപിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു പതിവ്. സ്പായുടെ ബെനാമി ഉടമയായ അനുരൂപിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ തങ്ങളുടെ ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്ത് ഇത്തരം അനധികൃത ഇടപാടുകൾ നടത്തിയിരുന്നതിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിശദമായ അന്വേഷണം തുടരുകയാണ്

