ന്യൂഡൽഹി: ഏദൻ കടലിടുക്കിൽ വെച്ച് നടന്ന കടൽക്കൊള്ള ശ്രമം ഇന്ത്യൻ നാവികസേന തകർത്തു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇന്ത്യയ്ക്ക് വേണ്ടിയുള്ള സുപ്രധാന ചരക്കുകളുമായി വരികയായിരുന്ന ‘എംവി ഗോൾഡൻ ആഴ്സണൽ’ എന്ന വാണിജ്യ കപ്പലിൽ നിന്നുള്ള അപായസന്ദേശം ലഭിച്ച ഉടൻ തന്നെ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ത്രിഖണ്ഡ് സംഭവസ്ഥലത്തേക്ക് കുതിക്കുകയായിരുന്നു. ആക്രമണത്തിനിരയായ കപ്പലിൽ ഒരു ഇന്ത്യക്കാരനും ഉണ്ടായിരുന്നു.
കടൽക്കൊള്ളക്കാർ കപ്പലിൽ കയറാൻ ശ്രമിച്ച സമയം തന്നെ ജീവനക്കാർ സുരക്ഷിതമായ ഒരു മുറിയിൽ കയറി വാതിലടയ്ക്കുകയും അടിയന്തര ആശയവിനിമയ സംവിധാനത്തിലൂടെ നാവികസേനയെ വിവരമറിയിക്കുകയുമായിരുന്നു. ഇന്ത്യൻ യുദ്ധക്കപ്പൽ അടുത്തേക്ക് വരുന്നത് കണ്ടതോടെ കൊള്ളക്കാർ അവിടെനിന്ന് രക്ഷപ്പെട്ടു. തുടർന്ന് നാവികസേനയുടെ മറൈൻ കമാൻഡോസ് (MARCOS) കപ്പലിൽ കയറി പരിശോധനകൾ നടത്തി യാതൊരുവിധത്തിലുള്ള ഭീഷണികളുമില്ലെന്നും കപ്പൽ സുരക്ഷിതമാണെന്നും ഉറപ്പുവരുത്തി

