മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി മുഴക്കിയ ആറ്റിങ്ങൽ സ്വദേശി പിടിയിൽ

തിരുവനന്തപുരം:മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി മുഴക്കിയ പ്രതിയെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ സ്വദേശിയായ സോണിയാണ് പൊലീസിന്റെ പിടിയിലായത്. പ്രതിക്ക് മാനസിക വെല്ലുവിളികൾ ഉണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തിരുവനന്തപുരം സിറ്റി പൊലീസ് കമാൻഡിങ് സെന്ററിലെ (കൺട്രോൾ റൂം) ഔദ്യോഗിക ഫോൺ നമ്പറിലേക്ക് വെള്ളിയാഴ്ച വൈകിട്ടാണ് ഭീഷണി സന്ദേശമെത്തിയത്. മൂന്ന് തവണയാണ് പ്രതി കൺട്രോൾ റൂമിലേക്ക് വിളിച്ചത്. ആദ്യ തവണ വിളിച്ച് മുഖ്യമന്ത്രിയെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാൾ, തുടർന്ന് നടത്തിയ കോളുകളിൽ അസഭ്യം പറയുകയും മുഖ്യമന്ത്രിയുടെ സുരക്ഷയെ ചോദ്യം ചെയ്യുകയും ചെയ്തു. വധഭീഷണി മുഴക്കി പ്രശസ്തനാകാനാണ് താൻ ഫോൺ ചെയ്തതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

മദ്യലഹരിയിലാണ് പ്രതി ഫോൺ ചെയ്തതെന്നും മുൻപും ഇത്തരത്തിൽ സമാനമായ രീതിയിൽ കൺട്രോൾ റൂമിലേക്ക് കോളുകൾ വന്നിട്ടുണ്ടെന്നും കന്റോൺമെന്റ് പൊലീസ് വ്യക്തമാക്കി. ഭീഷണിപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയായതിനാൽ തുടർനടപടികൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *