ഊർജ്ജ മേഖലയിൽ വൻ കുതിച്ചുചാട്ടം; ഓസ്‌ട്രേലിയയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ദേശീയ ഗ്രിഡ് വിപുലീകരണം പ്രഖ്യാപിച്ചു

കാൻബറ: രാജ്യം കൽക്കരി അധിഷ്ഠിത ഊർജ്ജ നിലയങ്ങളിൽ നിന്നും ഹരിത ഊർജ്ജത്തിലേക്ക് ചുവടുമാറുന്നതിന്റെ ഭാഗമായി ചരിത്രത്തിലെ ഏറ്റവും വലിയ ദേശീയ വൈദ്യുതി ഗ്രിഡ് വിപുലീകരണം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർക്കാർ. അഞ്ച് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 19 പുതിയ പുനരുപയോഗ ഊർജ്ജ പദ്ധതികൾക്കാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. വിൻഡ് ഫാമുകൾ (കാറ്റാടിയന്ത്രങ്ങൾ), സോളാർ ഫാമുകൾ, വൻകിട ബാറ്ററി സംഭരണ ​​കേന്ദ്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഈ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ 7.8 ജിഗാവാട്ട് ഹരിത ഊർജ്ജ ഉൽപ്പാദന ശേഷിയും 7.9 ജിഗാവാട്ട് അവർ ബാറ്ററി സംഭരണശേഷിയും രാജ്യത്തിന് അധികമായി ലഭിക്കും. പഴയ കൽക്കരി നിലയങ്ങൾ ഘട്ടങ്ങളായി അടച്ചുപൂട്ടുന്ന സാഹചര്യത്തിൽ, വൈദ്യുതി വിലക്കയറ്റം തടയാനും ജനങ്ങളുടെ മേലുള്ള സാമ്പത്തിക ഭാരം കുറയ്ക്കാനും ഈ പുതിയ വിപുലീകരണം സഹായിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ന്യൂ സൗത്ത് വെയ്‌ൽസിലെ 1,498 മെഗാവാട്ടിന്റെ വിൻഡ് ഫാമും, ക്വീൻസ്‌ലൻഡിൽ ആകെ 2,100 മെഗാവാട്ട് ശേഷിയുള്ള രണ്ട് വിൻഡ് എനർജി പ്രൊജക്ടുകളുമാണ് പ്രഖ്യാപിച്ചവയിൽ ഏറ്റവും വലിയ പദ്ധതികൾ.

പരിസ്ഥിതി സൗഹൃദ ഊർജ്ജത്തിലേക്കുള്ള ഈ മാറ്റം പ്രാദേശിക സമൂഹങ്ങൾക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിനായി 120 കോടി ഡോളറിന്റെ വിവിധ സാമൂഹിക വികസന പദ്ധതികളും സർക്കാർ വിഭാവനം ചെയ്തിട്ടുണ്ട്. തദ്ദേശീയർക്കുള്ള തൊഴിലവസരങ്ങൾ, പ്രാദേശിക തൊഴിൽ വികസനം എന്നിവ ഇതിലൂടെ ഉറപ്പാക്കും. കൂടാതെ, പദ്ധതികളുടെ നിർമ്മാണത്തിനായി 25.7 കോടിയിലധികം ഡോളർ വിലമതിക്കുന്ന ഓസ്‌ട്രേലിയൻ ആഭ്യന്തര നിർമ്മിത സ്റ്റീൽ ഉപയോഗിക്കുമെന്നും അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ 5 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി കൂടി ലക്ഷ്യമിട്ടുള്ള അടുത്ത ഘട്ട ടെൻഡർ നടപടികൾ ആരംഭിക്കുമെന്നും ഓസ്‌ട്രേലിയൻ സർക്കാർ സ്ഥിരീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *