ഹന്റാവൈറസ് ഭീതി;നെതർലൻഡ്‌സിൽ കുടുങ്ങിയ ഓസ്‌ട്രേലിയക്കാർ പെർത്തിൽ എത്തും,വിമാന ത്തിലും ക്വാറന്റൈനിലും കടുത്ത നിയന്ത്രണങ്ങൾ

പെർത്ത്: ഹന്റാവൈറസ് (Hantavirus) പടർന്നുപിടിച്ച ‘എംവി ഹോണ്ടിയസ്’ (MV Hondius) എന്ന ക്രൂയിസ് കപ്പലിലുണ്ടായിരുന്ന നാല് ഓസ്‌ട്രേലിയൻ പൗരന്മാരെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കുന്നു. വ്യാഴാഴ്ച നെതർലൻഡ്‌സിൽ നിന്ന് തിരിക്കുന്ന വിമാനം വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പെർത്തിലെ ആർഎഎഎഫ് (RAAF) ബേസ് പിയേഴ്‌സിൽ ഇറങ്ങും.

നാല് ഓസ്‌ട്രേലിയൻ പൗരന്മാർക്ക് പുറമെ ഒരു സ്ഥിരതാമസക്കാരനും (Permanent resident) ഒരു ന്യൂസിലൻഡ് പൗരനുമാണ് വിമാനത്തിലുള്ളത്. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പരിശോധനാ ഫലം നെഗറ്റീവാണെന്നും ആരോഗ്യ മന്ത്രി മാർക്ക് ബട്ട്‌ലർ അറിയിച്ചു.യാത്രയിലുടനീളം യാത്രക്കാരും വിമാന ജീവനക്കാരും പൂർണ്ണമായും പിപിഇ (PPE) കിറ്റ് ധരിക്കണം. ലാൻഡിംഗിനും ക്വാറന്റൈനും കടുത്ത നിബന്ധനകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പെർത്തിലെത്തിയ ശേഷം യാത്രക്കാരെ ബുൾസ്‌ബ്രൂക്കിലെ സെന്റർ ഫോർ നാഷണൽ റെസിലിയൻസിലേക്ക് മാറ്റും. മൂന്നാഴ്ചത്തെ നിർബന്ധിത ക്വാറന്റൈൻ ഇവർക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വിമാന ജീവനക്കാരും ക്വാറന്റൈനിൽ കഴിയണം.നിലവിൽ 11 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ ഒൻപതെണ്ണം സ്ഥിരീകരിച്ചിട്ടുണ്ട്; മൂന്ന് പേർ മരിച്ചു. എലികളിൽ നിന്നാണ് പ്രധാനമായും ഈ വൈറസ് പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് അപൂർവ്വമാണെങ്കിലും ദീർഘനേരത്തെ സമ്പർക്കത്തിലൂടെ രോഗം ബാധിക്കാൻ സാധ്യതയുണ്ട്.

ഹന്റാവൈറസിനെ ഓസ്‌ട്രേലിയയുടെ ബയോസെക്യൂരിറ്റി ആക്ടിന് കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുജനാരോഗ്യത്തിനുള്ള ഭീഷണി കുറവാണെങ്കിലും വൈറസിന്റെ ഇൻകുബേഷൻ കാലയളവ് കണക്കിലെടുത്ത് വരും ആഴ്ചകളിൽ കൂടുതൽ കേസുകൾ ഉണ്ടായേക്കാമെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *