വിറ്റ്സൺഡേയ്സ്: ഓസ്ട്രേലിയയിലെ ഏറ്റവും അപകടം പിടിച്ച പാതകളിലൊന്നായ ബ്രൂസ് ഹൈവേയിൽ ബസ് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ ഗംലുവിലെ ബ്രൂസ് ഹൈവേയും റേഞ്ച്മോർ റോഡും ചേരുന്ന കവലയിലാണ് അപകടം നടന്നത്. 29 പേർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ അടിയന്തര ചികിത്സയ്ക്ക് വിധേയരാക്കി.ഒരാൾ മറിഞ്ഞ ബസിനടിയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു എന്ന് അഗ്നിശമന സേന അറിയിച്ചു.പരിക്കേറ്റ 27 ഓളം പേരെ സംഭവസ്ഥലത്ത് വെച്ച് പ്രാഥമിക പരിശോധനകൾക്ക് വിധേയമാക്കി. ബസ് ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
പതിനൊന്ന് ആംബുലൻസുകൾക്ക് പുറമെ രണ്ട് ഹെലികോപ്റ്ററുകളും റോയൽ ഫ്ലൈയിംഗ് ഡോക്ടർ സർവീസിന്റെ വിമാനവും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മറ്റ് വാഹനങ്ങളൊന്നും അപകടത്തിൽപ്പെട്ടിട്ടില്ലെന്നും ബസ് റോഡിൽ നിന്ന് തെന്നിമാറി മറിയുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. കേയിൻസിൽ നിന്ന് ബ്രിസ്ബെയ്നിലേക്ക് പോവുകയായിരുന്ന ഫ്ലിക്സ് ബസ് (FlixBus) സർവീസാണ് അപകടത്തിൽപ്പെട്ടത്.ഓസ്ട്രേലിയയിലെ ഏറ്റവും അപകടകരമായ പാതയായാണ് ബ്രൂസ് ഹൈവേ അറിയപ്പെടുന്നത്.
2024-ൽ ക്വീൻസ്ലൻഡിൽ റോഡ് അപകടങ്ങളിൽ മരിച്ച 302 പേരിൽ 41 പേരും ഈ ഹൈവേയിലാണ് ജീവൻ വെടിഞ്ഞത്.ഏകദേശം 7,500 പേർ ഈ പാതയിലുണ്ടായ അപകടങ്ങളെത്തുടർന്ന് ചികിത്സ തേടിയിട്ടുണ്ട്.ഹൈവേയിലെ സുരക്ഷാ സംവിധാനങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ഫെഡറൽ സർക്കാർ കഴിഞ്ഞ ബജറ്റിൽ 812 മില്യൺ ഡോളർ അധികമായി നീക്കിവെച്ചിരുന്നു.അപകടത്തെത്തുടർന്ന് ഹൈവേയുടെ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

