ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യയിൽനിന്ന് കൈമാറണമെന്ന് ബംഗ്ലാദേശ് വീണ്ടും ആവശ്യപ്പെട്ടു. ധാക്കയിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനും ഇന്ത്യൻ ഹൈക്കമ്മിഷണർ ദിനേഷ് ത്രിവേദിയും നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചത്.
ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ അനുകൂലമായ അന്തരീക്ഷം ഒരുക്കേണ്ടതുണ്ടെന്നും താരിഖ് റഹ്മാൻ പറഞ്ഞു. കൂടിക്കാഴ്ചയിൽ മറ്റ് പ്രധാന ഉഭയകക്ഷി വിഷയങ്ങളും ചർച്ചയായി.
2024 ഓഗസ്റ്റിൽ അധികാരത്തിൽനിന്ന് പുറത്തായതിനെ തുടർന്ന് ഇന്ത്യയിൽ കഴിയുന്ന ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ഔദ്യോഗിക ആവശ്യം ഇന്ത്യ നേരത്തെ ലഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ആവശ്യം നിലവിലുള്ള നിയമനടപടികളും വ്യവസ്ഥകളും അനുസരിച്ച് പരിശോധിച്ചുവരികയാണെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, അടുത്തിടെ ഡൽഹിയിൽ ഹസീന മാധ്യമങ്ങളുമായി നടത്തിയ ഓൺലൈൻ സംവാദത്തിൽ ബംഗ്ലാദേശിലെ നിലവിലെ സർക്കാരിനെ വിമർശിക്കുകയും ഡിസംബറിൽ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു. മടങ്ങിയെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാനും വധശിക്ഷ നേരിടാനും സാധ്യതയുണ്ടെന്ന് അവർ തന്നെയാണ് പറഞ്ഞത്.
ഹസീനയുടെ മാധ്യമ ഇടപെടലിൽ ബംഗ്ലാദേശ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇത് ഇന്ത്യ–ബംഗ്ലാദേശ് ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ധാക്ക മുന്നറിയിപ്പ് നൽകുകയും ചെയ്തു.

