വാഷിങ്ടൺ: ഇറാനിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ നഷ്ടപരിഹാര വിഷയം ഉൾപ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ഇറാന്റെ പിന്തുണയോടെ നടന്നതായി യുഎസ് ആരോപിക്കുന്ന ആക്രമണങ്ങളും അതിക്രമങ്ങളും ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇറാനെതിരായ യുഎസ്-ഇസ്രയേൽ സൈനിക നടപടികളിൽ രാജ്യത്തിനുണ്ടായ നാശനഷ്ടങ്ങൾക്ക് അമേരിക്കയും ഇസ്രയേലും നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ഇറാൻ പ്രതിനിധികൾ നേരത്തെ ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് അമേരിക്കയും നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ ആക്രമണങ്ങളിൽ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തവർക്കായി നഷ്ടപരിഹാരം നൽകണമെന്നാണ് ട്രംപിന്റെ ആവശ്യം.
നഷ്ടപരിഹാരത്തിന്റെ തുക സംബന്ധിച്ച് ട്രംപ് കൃത്യമായ കണക്ക് വ്യക്തമാക്കിയിട്ടില്ല. ഇറാന്റെ നഷ്ടപരിഹാര ആവശ്യം നിലവിലെ സമാധാന ചർച്ചകൾക്കും ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കും ഇടയിൽ പുതിയ തർക്കവിഷയമായി മാറിയിരിക്കുകയാണ്.

