സംഭാഷണത്തിനപ്പുറം ഡിജിറ്റൽ ജോലികളും നിർവഹിക്കും; പുതിയ എഐ ഏജന്റ് ‘മ്യൂസ്’ പുറത്തിറക്കി മെറ്റ

കാലിഫോർണിയ: ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനപ്പുറം ഉപയോക്താക്കൾക്ക് വേണ്ടി ഇമെയിലുകൾ അയക്കാനും യാത്രകൾ ബുക്ക് ചെയ്യാനും ഓൺലൈൻ പേയ്‌മെന്റുകൾ നടത്താനും ശേഷിയുള്ള പുതിയ വ്യക്തിഗത എഐ ഏജന്റായ ‘മ്യൂസ്’ മെറ്റ പുറത്തിറക്കി. വാട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിലൂടെയും പ്രത്യേക മൊബൈൽ ആപ്പ് വഴിയും മ്യൂസിന്റെ സേവനങ്ങൾ ലഭ്യമാകും. സന്ദേശങ്ങൾ കൈമാറുന്നതിനും വിവരങ്ങൾ നൽകുന്നതിനും പുറമെ ഉപയോക്താക്കളുടെ താല്പര്യങ്ങൾ മനസ്സിലാക്കി നിർദ്ദേശങ്ങൾ നൽകാനും വാങ്ങലുകൾ നടത്താനുമാണ് ഈ സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മെറ്റ സിഇഒ മാർക്ക് സക്കർബർഗിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്.

ഉപയോക്താക്കളുടെ അനുമതിയോടെ ഇമെയിൽ, കലണ്ടർ, ബാങ്ക് പേയ്‌മെന്റ് ആപ്പുകൾ, സ്മാർട്ട് ഹോം ഉപകരണങ്ങൾ എന്നിവയുമായി ബന്ധിപ്പിച്ചാണ് മ്യൂസ് പ്രവർത്തിക്കുന്നത്. പണമിടപാടുകൾ സുരക്ഷിതമാക്കാൻ സ്‌ട്രൈപ്പ് ലിങ്ക് വഴിയുള്ള സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇൻസ്റ്റാഗ്രാമിൽ സേവ് ചെയ്യുന്ന പാചകക്കുറിപ്പുകൾക്ക് ആവശ്യമായ സാധനങ്ങളുടെ പട്ടിക തയ്യാറാക്കാനും അവ ഓൺലൈനായി ഓർഡർ ചെയ്യാനും വരെ മ്യൂസിന് സാധിക്കും. ഓരോ ഉപയോക്താവിനുമായി പ്രത്യേകം വിർച്വൽ മെഷീൻ അനുവദിച്ചിരിക്കുന്നതിനാൽ വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും പൂർണ്ണമായി ഉറപ്പാക്കാൻ സാധിക്കുമെന്ന് മെറ്റ അവകാശപ്പെടുന്നു.

ആദ്യ ഘട്ടത്തിൽ അമേരിക്കയിലെ ഉപയോക്താക്കൾക്കായി സൗജന്യ സേവനമായാണ് മ്യൂസ് ലഭ്യമാക്കിയിരിക്കുന്നത്. ഉയർന്ന ഉപയോഗമുള്ള ഉപയോക്താക്കൾക്കായി പ്രതിമാസം 20 ഡോളർ, 100 ഡോളർ നിരക്കുകളിലുള്ള പ്രീമിയം പ്ലാനുകളും മെറ്റ അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ പരസ്യങ്ങൾക്കായി ഉപയോക്താക്കളുടെ വിവരങ്ങൾ ഉപയോഗിക്കില്ലെന്നും കർശന സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് സംവിധാനം പുറത്തിറക്കിയതെന്നും കമ്പനി വ്യക്തമാക്കി. ഘട്ടം ഘട്ടമായി മെറ്റയുടെ സ്മാർട്ട് ഗ്ലാസുകളിലേക്കും മറ്റ് രാജ്യങ്ങളിലേക്കും മ്യൂസിന്റെ സേവനങ്ങൾ വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *