ഇല്ലിക്കൽക്കല്ലിൽ ബില്ലിങ് ക്രമക്കേട്; മൂന്ന് ജീവനക്കാർക്കെതിരെ അന്വേഷണം തുടങ്ങി

കോട്ടയം: പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽക്കല്ലിൽ പ്രവേശന ഫീസ് ശേഖരണത്തിൽ വൻ ക്രമക്കേട് നടന്നെന്ന പരാതിയിൽ സംസ്ഥാന സർക്കാർ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ മൂന്ന് ജീവനക്കാർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡിടിപിസി) നൽകിയ ഔദ്യോഗിക ബില്ലിങ് മെഷീനിന് പകരം ജീവനക്കാർ സ്വകാര്യമായി വാങ്ങിയ മെഷീൻ ഉപയോഗിച്ച് ഫീസ് ഈടാക്കി തുക തട്ടിയെടുത്തെന്നാണ് ഉയർന്ന ആരോപണം.

ദിവസേന സമർപ്പിച്ച കളക്ഷൻ റിപ്പോർട്ടുകളിൽ ഗുരുതരമായ പൊരുത്തക്കേടുകളും ബിൽ നമ്പറുകളിൽ ക്രമക്കേടും കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടത്. ഒന്നര വർഷത്തിലേറെയായി ഇവിടെ സാമ്പത്തിക തട്ടിപ്പ് തുടരുന്നതായി ആക്ഷേപമുണ്ടായിട്ടും മുൻപ് ലഭിച്ച പരാതികളിൽ നടപടിയുണ്ടായില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. തട്ടിപ്പ് പുറത്തുവന്നതിനെ തുടർന്ന് നിലവിൽ ടിക്കറ്റ് വിതരണത്തിനായി മാന്വൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെയെത്തുന്ന സഞ്ചാരികൾ ടിക്കറ്റ് തുക നൽകുന്നതിന് മുൻപ് കൃത്യമായ പരിശോധന ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *