ജയ്പുർ: രാജസ്ഥാനിലെ ബൻസ്വാര ജില്ലയിൽ ബിജെപി നേതാവിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിജെപി ജില്ലാ സെക്രട്ടറി അർജുൻ സിംഗ് മയിദ (47) ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാത്രി മയിദയും ഭാര്യയും തമ്മിൽ വാക്കുതർക്കമുണ്ടായതായി പോലീസ് അറിയിച്ചു. തുടർന്ന് അദ്ദേഹം വീടുവിട്ടിറങ്ങിയെന്നും പിന്നീട് മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു.
മയിദയുടെ മകൻ അഭിമന്യു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി ഡൻപുർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അറിയിച്ചു. മൃതദേഹത്തിൽ പരിക്കുകളുടെ പാടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണകാരണം വ്യക്തമായി പറയാനാകൂവെന്നും പോലീസ് വ്യക്തമാക്കി. ആത്മഹത്യയാണോ, മറ്റ് ദുരൂഹ സാഹചര്യങ്ങളുണ്ടോ എന്നതടക്കമുള്ള എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

