ഇന്ധനവിലയും പശ്ചിമേഷ്യൻ പ്രതിസന്ധിയും; രാജ്യത്ത് പണപ്പെരുപ്പ ഭീഷണി ശക്തമാകുന്നു

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ ആഗോള എണ്ണവില വർധന ഇന്ത്യയിലെ പണപ്പെരുപ്പ സാധ്യതയെ വീണ്ടും ആശങ്കയിലാഴ്ത്തുന്നതായി സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ക്രൂഡ് ഓയിൽ വില ഉയരുന്നത് രാജ്യത്തിന്റെ ഇറക്കുമതി ചെലവ് വർധിപ്പിക്കുമെന്നും അതിന്റെ പ്രതിഫലം ഗതാഗതം, ഭക്ഷ്യവസ്തുക്കൾ, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിലയിൽ പ്രകടമാകാനിടയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് ഏപ്രിലിൽ 3.48 ശതമാനമായി ഉയർന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഭക്ഷ്യവില വർധനയാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം, ആഗോള എണ്ണവില ഉയർന്ന നിലയിൽ തുടർന്നാൽ വരും മാസങ്ങളിൽ കൂടുതൽ സമ്മർദമുണ്ടാകാമെന്നാണ് സാമ്പത്തിക നിരീക്ഷണം.

പെട്രോൾ, ഡീസൽ വില വർധന പണപ്പെരുപ്പത്തിൽ 10 മുതൽ 25 ബേസിസ് പോയിന്റ് വരെ അധിക സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇതോടെ റിസർവ് ബാങ്ക് പലിശനിരക്കുകളുമായി ബന്ധപ്പെട്ട പ്രവചനങ്ങൾ പുനഃപരിശോധിക്കേണ്ട സാഹചര്യം ഉണ്ടാകാമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ഇന്ത്യയുടെ മൊത്തവില പണപ്പെരുപ്പം ഏപ്രിലിൽ 8.3 ശതമാനമായി ഉയർന്നു.

ഇന്ധനം, വൈദ്യുതി, ക്രൂഡ് ഓയിൽ വില വർധന എന്നിവയാണ് പ്രധാന ഘടകങ്ങൾ. പശ്ചിമേഷ്യൻ പ്രതിസന്ധി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് നേരിട്ടുള്ള സമ്മർദം സൃഷ്ടിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരനും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ എണ്ണാവശ്യത്തിന്റെ ഭൂരിഭാഗവും ഇറക്കുമതിയിലൂടെ നിറവേറ്റുന്നതിനാൽ അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വം രാജ്യത്തിന്റെ വിലക്കയറ്റ സാധ്യതയെ നേരിട്ട് ബാധിക്കുന്നുവെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *