വെള്ളി ഇറക്കുമതിക്ക് നിയന്ത്രണം; നടപടി കടുപിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്തെ വെള്ളി ഇറക്കുമതിയിൽ കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. വെള്ളി ബാറുകൾ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലെ വെള്ളിയുടെ ഇറക്കുമതി ‘ഫ്രീ’ വിഭാഗത്തിൽ നിന്ന് ‘റിസ്ട്രിക്ടഡ്’ വിഭാഗത്തിലേക്ക് മാറ്റിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) പുറത്തിറക്കിയ വിജ്ഞാപനത്തിൽ അറിയിച്ചു. ഇതോടെ ഇനി മുതൽ ഇത്തരം വെള്ളി ഇറക്കുമതിക്ക് സർക്കാർ അനുമതിയോ ലൈസൻസോ നിർബന്ധമാകും.

കഴിഞ്ഞ ദിവസമാണ് സ്വർണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള ലോഹങ്ങളുടെ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കേന്ദ്ര സർക്കാർ ഉയർത്തിയത്. അതിന് പിന്നാലെയാണ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ ഇറക്കുമതി ചെലവ് കുറയ്ക്കുകയും രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കുകയുമാണ് നടപടിയുടെ പ്രധാന ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 99.9 ശതമാനം ശുദ്ധിയുള്ള വെള്ളി ബാറുകൾ, അർധനിർമിത വെള്ളി ഉൽപ്പന്നങ്ങൾ എന്നിവയ്ക്കാണ് പ്രധാനമായും നിയന്ത്രണം ബാധകമാകുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ വെള്ളി ഇറക്കുമതിയിൽ 90 ശതമാനത്തിലേറെയും ഈ വിഭാഗങ്ങളിലൂടെയായിരുന്നു. പുതിയ നിയന്ത്രണങ്ങൾ മൂലം ആഭ്യന്തര വിപണിയിൽ വെള്ളിയുടെ ലഭ്യത കുറയാനും വില ഉയരാനുമുള്ള സാധ്യതയുണ്ടെന്ന് വ്യാപാര മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ വെള്ളി ആവശ്യകതയുടെ 80 ശതമാനത്തിലേറെയും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ആഭരണ നിർമാണം, നാണയങ്ങൾ, വ്യവസായ മേഖലകൾ, സോളാർ ഉപകരണങ്ങൾ എന്നിവയിൽ വെള്ളിയുടെ ഉപയോഗം വ്യാപകമാണ്.

Leave a Reply

Your email address will not be published. Required fields are marked *