അബുദാബിയിൽ ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം

അബുദാബി: യുഎഇയിൽ ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം നടന്നതായി അധികൃതർ അറിയിച്ചു. ആക്രമണത്തെ തുടർന്ന് നിലയത്തിന്റെ പുറംപരിസരത്തുള്ള വൈദ്യുതി ജനറേറ്ററിൽ തീപിടിത്തമുണ്ടായെങ്കിലും ആണവസുരക്ഷയ്ക്ക് ഭീഷണിയില്ലെന്നും വികിരണനില സാധാരണ നിലയിലാണെന്നും അധികൃതർ വ്യക്തമാക്കി.

യുഎഇ പ്രതിരോധ മന്ത്രാലയത്തിന്റെ വിവരമനുസരിച്ച് മൂന്ന് ഡ്രോണുകളാണ് രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തി വഴി കടന്നത്. ഇതിൽ രണ്ടെണ്ണം വ്യോമപ്രതിരോധ സംവിധാനം തകർത്തു. മൂന്നാമത്തെ ഡ്രോൺ ബറാക്ക ആണവനിലയത്തിന് സമീപം പതിച്ചതോടെയാണ് ജനറേറ്ററിന് തീപിടിച്ചത്. സംഭവത്തിൽ ആളപായമോ ഗുരുതര നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ആണവനിലയത്തിന്റെ പ്രവർത്തനത്തെ ആക്രമണം ബാധിച്ചിട്ടില്ലെന്നും എല്ലാ യൂണിറ്റുകളും സാധാരണ നിലയിൽ പ്രവർത്തിക്കുകയാണെന്നും ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ അറിയിച്ചു. സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയതായും സംഭവത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസിയും (IAEA) ആശങ്ക രേഖപ്പെടുത്തി. ആണവ നിലയങ്ങൾ ലക്ഷ്യമാക്കിയുള്ള സൈനിക നടപടികൾ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്നും പരമാവധി നിയന്ത്രണം പാലിക്കണമെന്നും ഐഎഇഎ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *