തിരുവനന്തപുരം: വെഞ്ഞാറമൂടിന് സമീപം പിരപ്പൻകോട്ടിൽ വിളക്കിൽ നിന്ന് തീപടർന്ന് വീട് കത്തിനശിച്ചു. പിരപ്പൻകോട് പേരയത്തുംമുകൾ സ്വദേശി സുധീറിന്റെ വീടാണ് അഗ്നിക്കിരയായത്.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിൽ കത്തിച്ചുവെച്ചിരുന്ന വിളക്കിൽ നിന്ന് സമീപത്തുണ്ടായിരുന്ന വസ്തുക്കളിലേക്ക് തീപടരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് ഓടുമേഞ്ഞ മേൽക്കൂരയിലേക്കും മര ഉരുപ്പടികളിലേക്കും തീ അതിവേഗം വ്യാപിച്ച് വീടിന്റെ മേൽക്കൂരയും മുറികളും പൂർണമായും കത്തിനശിച്ചു.
വിളക്ക് കത്തിച്ചുവച്ച് വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു അപകടമുണ്ടായത്. അതിനാൽ ആളപായമുണ്ടായില്ല. വീട്ടിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വെഞ്ഞാറമൂട് അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമനസേനാംഗങ്ങളും നാട്ടുകാരും ചേർന്ന് നടത്തിയ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

