മധ്യപ്രദേശിലെ ബോട്ട് അപകടം: മരണം ആറായി

ജബൽപുർ: മധ്യപ്രദേശിലെ ജബൽപുർ ജില്ലയിൽ ക്രൂയിസ് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു. രണ്ട് സ്ത്രീകളുൾപ്പെടെ ആറുപേരാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു.

നർമദ നദിയിലെ ബാർഗി അണക്കെട്ടിന് സമീപമുള്ള ഖമാരിയ ദ്വീപ് പ്രദേശത്ത് വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. ഏകദേശം 40ഓളം ആളുകളുമായി സഞ്ചരിച്ചിരുന്ന ബോട്ട് ശക്തമായ കാറ്റിൽപ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ട് മുങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

സംഭവത്തിൽ പത്ത് പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. 15 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം ദുരന്തനിവാരണസേനയും പോലീസും ചേർന്ന് തുടരുകയാണ്.

സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിൽ അമിതഭാരം ഉണ്ടായിരുന്നതാകാമെന്നും ഇത് അപകടത്തിന് കാരണമായിരിക്കാമെന്നുമാണ് പ്രാഥമിക വിലയിരുത്തൽ.

സംഭവത്തെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരിക്കുകയാണ്. അന്തിമ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *