റബാത്ത്: മൊറോക്കോയിൽ സൈനിക പരിശീലനത്തിനിടെ കാണാതായ അമേരിക്കൻ സൈനികരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. യു.എസ്. സൈന്യം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കടലിൽ നിന്ന് കണ്ടെത്തിയത്. മറ്റൊരു സൈനികനായി തിരച്ചിൽ തുടരുകയാണ്.
മൃതദേഹം കണ്ടെത്തിയ സൈനികനെ 27-കാരനായ ഫസ്റ്റ് ലെഫ്റ്റനന്റ് കെൻഡ്രിക് ലാമോണ്ട് കീ ജൂനിയർ എന്നായി തിരിച്ചറിഞ്ഞു. ആഫ്രിക്കൻ ലയൺ 2026 എന്ന സംയുക്ത സൈനിക അഭ്യാസത്തിൽ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹം കാണാതായത്. മേയ് 2-ന് ക്യാപ് ദ്രാ പരിശീലന മേഖലയ്ക്ക് സമീപം ക്ലിഫ് ഭാഗത്ത് നിന്ന് കടലിലേക്ക് വീണതായാണ് റിപ്പോർട്ടുകൾ
അമേരിക്ക, മൊറോക്കോ, നാറ്റോ സഖ്യകക്ഷികൾ എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ വൻ തിരച്ചിൽ ദൗത്യം നടന്നു. നൂറുകണക്കിന് സൈനികരും വ്യോമ-നാവിക സംവിധാനങ്ങളും ഉപയോഗിച്ചാണ് തെരച്ചിൽ നടത്തിയത്. മൃതദേഹം കാണാതായ സ്ഥലത്തിൽ നിന്ന് ഏകദേശം 1.6 കിലോമീറ്റർ അകലെയായാണ് കണ്ടെത്തിയത്.
ആഫ്രിക്കൻ ലയൺ അഭ്യാസം യു.എസ്. ആഫ്രിക്ക കമാൻഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ഏറ്റവും വലിയ ബഹുരാഷ്ട്ര സൈനിക പരിശീലനമാണ്. 40-ലധികം രാജ്യങ്ങളിൽ നിന്നായി ആയിരക്കണക്കിന് സൈനികരാണ് ഇത്തവണ അഭ്യാസത്തിൽ പങ്കെടുക്കുന്നത്.

