തൊടുപുഴ: മൂവാറ്റുപുഴയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം രണ്ടു ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. തൊടുപുഴ വെങ്ങല്ലൂർ കോന്നാട്ട് രവിയുടെ ഭാര്യ വത്സല (68) യുടെ മൃതദേഹമാണ് ഇന്ന് ഉച്ചയോടെ പെരുവംമൂഴി പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ ലതാകടവിൽ വെച്ചായിരുന്നു വത്സല പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെടുന്നത്. തുടർന്ന് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്ത് ഊർജ്ജിതമായ തെരച്ചിൽ നടത്തിവരികയായിരുന്നു. എന്നാൽ പുഴയിലെ ശക്തമായ ഒഴുക്കും മോശം കാലാവസ്ഥയും ആദ്യദിവസങ്ങളിൽ രക്ഷാപ്രവർത്തനത്തിന് വലിയ രീതിയിൽ പ്രതികൂലമായി ബാധിച്ചു.
ഇന്ന് ഉച്ചയോടെ പെരുവംമൂഴി പാലത്തിന് സമീപം മൃതദേഹം പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘമാണ് മൃതദേഹം കരയ്ക്കടുപ്പിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

