തെരുവ് വിളക്കുകൾ കത്താത്തതിൽ പ്രതിഷേധം; മൂവാറ്റുപുഴ നഗരസഭ ഓഫീസിൽ മെഴുകുതിരി കത്തിച്ച് എൽ.ഡി.എഫ് കൗൺസിലർമാരുടെ ധർണ്ണ

മൂവാറ്റുപുഴ: നഗരത്തിലെ പ്രധാന റോഡുകളിൽ അടക്കം മാസങ്ങളായി തെരുവ് വിളക്കുകൾ പ്രവർത്തനരഹിതമായതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ മൂവാറ്റുപുഴ നഗരസഭ ഓഫീസിൽ മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു. നഗരം ഇരുട്ടിലായത് ഭരണസമിതിയുടെ ഗുരുതരമായ വീഴ്ചയാണെന്നും ജനങ്ങളുടെ സുരക്ഷയെപ്പോലും അവഗണിക്കുന്ന സമീപനമാണ് നഗരസഭ സ്വീകരിക്കുന്നതെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് മജീദ് മാങ്ങാടൻ ആരോപിച്ചു.

വെള്ളൂർകുന്നം ക്ഷേത്രത്തിലെ നന്ദി കവാടം മുതൽ കടാതി ഫയർ സ്റ്റേഷൻ റോഡ് വരെയുള്ള ഭാഗം ഉൾപ്പെടെ നഗരത്തിലെ നിരവധി പ്രദേശങ്ങളിലെ സ്ട്രീറ്റ് ലൈറ്റുകൾ നിലവിൽ കത്തുന്നില്ല. മഴക്കാലം ശക്തമായ സാഹചര്യത്തിൽ ഇതോടെ രാത്രികാല യാത്ര അതീവ ദുഷ്കരമായിരിക്കുകയാണ്. സ്ത്രീകൾ, വിദ്യാർഥികൾ, തൊഴിലാളികൾ, വയോജനങ്ങൾ തുടങ്ങി ആയിരക്കണക്കിന് ആളുകൾ ദിവസേന ഉപയോഗിക്കുന്ന റോഡുകളിൽ സുരക്ഷിതമായി സഞ്ചരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്.

സ്ട്രീറ്റ് ലൈറ്റുകൾ കത്താത്തതു കാരണം റോഡിന്റെ വിവിധ ഭാഗങ്ങൾ സാമൂഹ്യവിരുദ്ധരുടെ താവളങ്ങളായി മാറിയെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. രാത്രികാലങ്ങളിൽ ആളൊഴിഞ്ഞ ഭാഗങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യം വ്യാപകമാകുന്നത് പൊതുജനങ്ങളിൽ വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ദിനംപ്രതി വർധിക്കുന്നതിനൊപ്പം ഇരുട്ടു മൂലം വാഹനാപകട സാധ്യതയും വൻതോതിൽ കൂടിയിട്ടുണ്ട്.

പല ഭാഗങ്ങളിലും വെള്ളം നിറഞ്ഞ് തുറന്നു കിടക്കുന്ന ഓടകൾ കാൽനടയാത്രക്കാർക്ക് വലിയ അപകടഭീഷണി ഉയർത്തുന്നു. ഇതിനുപുറമെ മഴക്കാലമായതോടെ ഇരുട്ടിൽ ഇഴജന്തുക്കളുടെ ശല്യവും വർധിച്ചിരിക്കുകയാണ്. നഗരത്തിന്റെ ഹൃദയഭാഗത്ത് തന്നെ ഇത്തരമൊരു സ്ഥിതി തുടരുന്നത് നഗരസഭയുടെ ഭരണപരമായ പരാജയത്തിന്റെ നേർക്കാഴ്ചയാണെന്ന് പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി. ആറുമാസം മുമ്പ് അധികാരത്തിൽ എത്തിയ ഭരണസമിതിക്ക് നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ പോലും സംരക്ഷിക്കാൻ കഴിയുന്നില്ല. തെരുവ് വിളക്ക് അറ്റകുറ്റപ്പണി നടത്തുന്ന കരാറുകാരന് പത്ത് ലക്ഷത്തോളം രൂപ കുടിശിഖ ഇനത്തിൽ നൽകാനുള്ളതിനാലാണ് കരാറുകാരൻ ജോലിയിൽ നിന്ന് പിന്മാറിയതെന്നും ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നും ഇടത് കൗൺസിലർമാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *