കോട്ടയം: ബ്രിക്സ് രാജ്യങ്ങൾ ചേർന്ന് “പ്രിവന്റീവ് ആൻഡ് ട്രഡീഷണൽ മെഡിസിൻ സെന്റർ” സ്ഥാപിക്കുന്നതിന്റെ ഭാഗമായി കുമരകത്ത് നവംബറിൽ അന്താരാഷ്ട്ര പ്രതിനിധി സമ്മേളനം സംഘടിപ്പിക്കുമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ അറിയിച്ചു
റഷ്യൻ പാർലമെന്റിന്റെ അധോസഭയായ സ്റ്റേറ്റ് ഡ്യൂമയിൽ നടന്ന ഒരു യോഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ കേരളത്തിന്റെ പരമ്പരാഗത ചികിത്സാരീതികളും ആയുർവേദത്തിന്റെ സാധ്യതകളും സംബന്ധിച്ച് ചർച്ച ചെയ്തതായി അദ്ദേഹം വ്യക്തമാക്കി
വിവിധ രാജ്യങ്ങളിലെ പരമ്പരാഗത ചികിത്സാ രീതികളെ ഏകോപിപ്പിച്ച് ശാസ്ത്രീയമായി വികസിപ്പിക്കുകയും ആഗോളതലത്തിൽ പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രിവന്റീവ് ആൻഡ് ട്രഡീഷണൽ മെഡിസിൻ സെന്റർ സ്ഥാപിക്കുന്നതിന്റെ പ്രധാന ലക്ഷ്യം
സെന്റർ സ്ഥാപിക്കുന്നതിനായി ഉമ്മൻചാണ്ടി ഫൗണ്ടേഷൻ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ വാകത്താനത്ത് സ്ഥലമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. നവംബർ 12 മുതൽ 14 വരെ നടക്കുന്ന സമ്മേളനത്തിൽ 11 രാജ്യങ്ങളിൽ നിന്നായി ഏകദേശം 100 പ്രതിനിധികൾ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്

