ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ്; മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി കെയിൻസ് മജിസ്‌ട്രേറ്റ് കോടതി

കെയിൻസ് (ക്വീൻസ്‌ലൻഡ്): ക്വീൻസ്‌ലൻഡിലെ കെയിൻസിൽ നടന്നുവരുന്ന ഒരു ബ്ലാക്ക്മെയിലിങ് (Extortion) കേസിലെ നടപടികൾക്കിടയിൽ, സമൂഹത്തിൽ ഉന്നത പദവിയുള്ള ഒരു പ്രമുഖ വ്യക്തിയുടെ പേര് വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് മജിസ്‌ട്രേറ്റ് കോടതി വിലക്കി. കോടതി രേഖകളിൽ ‘എം.എം എന്ന് മാത്രം വിശേഷിപ്പിക്കപ്പെട്ട ഈ വ്യക്തി നിലവിൽ ഈ കേസിൽ ഒരു കക്ഷിയല്ല. തിങ്കളാഴ്ച കെയിൻസ് മജിസ്‌ട്രേറ്റ് കോടതി കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് ഈ നിർണ്ണായക ഉത്തരവുണ്ടായത്.

പ്രതി തന്റെ മുൻ പങ്കാളിയായ സ്ത്രീയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിലാണ് ഈ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ സ്ത്രീയുടെ കമ്പ്യൂട്ടറിലെ സന്ദേശങ്ങളുടെ ചിത്രങ്ങൾ പകർത്തിയാണ് പ്രതി വിവരങ്ങൾ കൈക്കലാക്കിയത്. ഈ സന്ദേശങ്ങളിൽ പരാമർശിക്കുന്ന വ്യക്തിയുടെ പെരുമാറ്റത്തെ അടിസ്ഥാനമാക്കിയായിരുന്നു ഭീഷണി. ക്വീൻസ്‌ലൻഡ് പോലീസ് കമ്മീഷണർ ബ്രെറ്റ് പോയിന്റിംഗിന് വേണ്ടി സീനിയർ സർജന്റ് മെയ്‌നാർഡ് മാർക്കം സമർപ്പിച്ച അപേക്ഷയിലാണ് മജിസ്‌ട്രേറ്റ് ഗെൽമ മിയോലി പേര് വിവരങ്ങൾ രഹസ്യമാക്കിവെക്കാൻ ഉത്തരവിട്ടത്. തുടർന്ന് അംഗീകൃത മാധ്യമപ്രവർത്തകർക്കൊഴികെ മറ്റുള്ളവർക്ക് കോടതി മുറിയിൽ നിയന്ത്രണമേർപ്പെടുത്തി.

എന്നാൽ, മാധ്യമ സംഘടനകൾക്ക് വേണ്ടി ഹാജരായ ബാരിസ്റ്റർ ആൻഡ്രൂ ഒബ്രീൻ ഈ ഉത്തരവിനെ ശക്തമായി എതിർത്തു. കേസിലെ ഇരയുടെയും പ്രതിയുടെയും വിവരങ്ങൾ അല്ലാത്ത മറ്റൊരാളുടെ വിവരങ്ങൾ മറച്ചുവെക്കാൻ മജിസ്‌ട്രേറ്റിന് നിയമപരമായ അധികാരമില്ലെന്ന് അദ്ദേഹം വാദിച്ചു. പ്രമുഖ വ്യക്തിയുടെ പേര് വിവരങ്ങൾ പുറത്തുവിടുന്നത് ഇരയായ സ്ത്രീയുടെ ഐഡന്റിറ്റിയെ ബാധിക്കില്ലെന്നും, കേവലം വ്യക്തിപരമായ അപമാനമോ പ്രശസ്തിക്ക് കോട്ടമോ ഉണ്ടാകുമെന്ന ഭയത്തിന്റെ അടിസ്ഥാനത്തിൽ കോടതി ഇത്തരം സംരക്ഷണം നൽകുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റൊരു സുഹൃത്തിനെതിരെയുള്ള ഭീഷണിയിൽ പോലീസ് ഇത്തരമൊരു അപേക്ഷ നൽകാത്തതിലെ വിവേചനവും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്തിമ തീരുമാനം കമ്മിറ്റൽ ഹിയറിംഗിന് വിടണമെന്നും ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചില്ലെങ്കിൽ അത് ജഡ്ജിയുടെ അധികാരത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

വാദങ്ങൾ പരിശോധിച്ച മജിസ്‌ട്രേറ്റ്, പ്രമുഖ വ്യക്തിയുടെ പേര് വിവരങ്ങൾ പുറത്തുവന്നാൽ അത് ഭീഷണിപ്പെടുത്തിയ പ്രതിയുടെ ലക്ഷ്യം സഫലമാക്കുന്നതിന് തുല്യമാകുമെന്നും ഭാവിയിൽ സമാന പരാതികളുമായി ഇരകൾ മുന്നോട്ടുവരുന്നതിനെ അത് നിരുത്സാഹപ്പെടുത്തുമെന്നും വിലയിരുത്തി. ബന്ധപ്പെട്ട വ്യക്തിക്ക് ഉയർന്ന സാമൂഹിക പദവി ഉള്ളതുകൊണ്ടല്ല ഈ തീരുമാനമെന്നും, ഏതൊരു സാധാരണക്കാരനും ലഭിക്കേണ്ട നിയമപരമായ പരിരക്ഷയുടെ അടിസ്ഥാനത്തിലാണ് ഉത്തരവെന്നും മജിസ്‌ട്രേറ്റ് ഗെൽമ മിയോലി വ്യക്തമാക്കി. കേസ് തുടർനടപടികൾക്കായി ജൂലൈ 28-ലേക്ക് കെയിൻസ് മജിസ്‌ട്രേറ്റ് കോടതി മാറ്റിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *