ഊർജ്ജ പ്രതിസന്ധിക്ക് പരിഹാരമായി വാണിജ്യ കെട്ടിടങ്ങളിലെ സോളാർ പദ്ധതികൾ; അടിയന്തിര സർക്കാർ ഇടപെടൽ വേണമെന്ന് റിപ്പോർട്ട്

മെൽബൺ: വീടുകളുടെ മുകളിലെ സോളാർ പാനൽ (റൂഫ്‌ടോപ്പ് സോളാർ) സ്ഥാപിക്കുന്നതിൽ ഓസ്‌ട്രേലിയ ആഗോളതലത്തിൽ തന്നെ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോഴും, രാജ്യത്തെ വാണിജ്യ-വ്യവസായ മേഖലകൾ ഈ രംഗത്ത് ഏറെ പിന്നിലാണെന്ന് പുതിയ പഠന റിപ്പോർട്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എനർജി ഇക്കണോമിക്സ് ആൻഡ് ഫിനാൻഷ്യൽ അനാലിസിസ് (IEEFA) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. കഴിഞ്ഞ ഡിസംബർ വരെയുള്ള കണക്കനുസരിച്ച് ഓസ്‌ട്രേലിയയിലെ വീടുകളിൽ ആകെ 22 ജിഗാവാട്ട് (GW) സോളാർ ഉത്പാദന ശേഷി കൈവരിച്ചപ്പോൾ, ഗാർഹിക മേഖലയേക്കാൾ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന വാണിജ്യ സ്ഥാപനങ്ങളിൽ ഇതിന്റെ നാലിലൊന്ന് അതായത് 5.6 ജിഗാവാട്ട് മാത്രമാണ് സ്ഥാപിക്കാൻ സാധിച്ചിട്ടുള്ളത്.

കൽക്കരി നിലയങ്ങൾ ഒന്നൊന്നായി അടച്ചുപൂട്ടുന്ന പശ്ചാത്തലത്തിൽ, വാണിജ്യ-വ്യവസായ കെട്ടിടങ്ങളുടെ മേൽക്കൂരകൾ സോളാർ പാനലുകൾക്കായി വിനിയോഗിക്കുന്നത് രാജ്യത്തിന്റെ ഹരിതോർജ്ജ ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കാൻ സഹായിക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ചീഫ് അനലിസ്റ്റ് ജോഹന്ന ബോയർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പദ്ധതികൾക്ക് വലിയ തോതിലുള്ള പരിസ്ഥിതി അനുമതികളോ പുതിയ പ്രസരണ ലൈനുകളോ ആവശ്യമില്ലാത്തതിനാൽ വൻകിട സോളാർ പ്ലാന്റുകളേക്കാൾ വേഗത്തിൽ ഇവ യാഥാർത്ഥ്യമാക്കാൻ സാധിക്കും. നിലവിൽ ഫാക്ടറികൾ, മാളുകൾ, തോട്ടങ്ങൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവയുൾപ്പെടുന്ന ഈ മേഖലയ്ക്ക് 2050-ഓടെ 17 മുതൽ 31 ജിഗാവാട്ട് വരെയും, കാർഷിക മേഖല കൂടി ഉൾപ്പെടുത്തിയാൽ 80 ജിഗാവാട്ടിലധികം ഊർജ്ജം ഉത്പാദിപ്പിക്കാനുമുള്ള ശേഷിയുണ്ടെന്നാണ് വിലയിരുത്തൽ.

വ്യാപാര സ്ഥാപനങ്ങൾ പ്രധാനമായും പകൽ സമയങ്ങളിൽ പ്രവർത്തിക്കുന്നതിനാൽ സോളാർ ഊർജ്ജം നേരിട്ട് വിനിയോഗിക്കാൻ ഏറ്റവും അനുയോജ്യമായ സാഹചര്യമാണുള്ളത്. എന്നാൽ, വാണിജ്യ കെട്ടിടങ്ങൾ ഭൂരിഭാഗവും വാടകയ്ക്ക് എടുത്തവയായതിനാൽ ഉടമകളും വാടകക്കാരും തമ്മിലുള്ള ധാരണക്കുറവ്, സങ്കീർണ്ണമായ ഗ്രിഡ് കണക്ഷൻ നടപടികൾ, വ്യക്തതയില്ലാത്ത താരിഫ് ഘടന എന്നിവയാണ് ഈ മേഖലയിലെ പ്രധാന തടസ്സങ്ങൾ. വീടുകൾക്കും വൻകിട പ്ലാന്റുകൾക്കും നൽകുന്നതുപോലെയുള്ള ആനുകൂല്യങ്ങൾ ഈ ‘ഇടത്തരം’ മേഖലയ്ക്ക് ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ പ്രതിസന്ധി മറികടക്കാൻ വാണിജ്യ സോളാർ പാനലുകൾക്കും ബാറ്ററികൾക്കും പ്രത്യേക നികുതി ഇളവുകളും പ്രോത്സാഹന പദ്ധതികളും ഗവൺമെന്റ് നടപ്പിലാക്കണമെന്നും വിക്ടോറിയയിലെ പ്രതിപക്ഷ പാർട്ടികൾ നിർദ്ദേശിച്ചതുപോലെ നഗരങ്ങളിലെ ഫാക്ടറി മേൽക്കൂരകളെ ‘അർബൻ സോളാർ പാർക്കുകളായി’ മാറ്റാൻ നടപടി വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *